പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 22 വർഷത്തിന് ശേഷം പ്രതി പിടിയിൽ
text_fieldsഹരികൃഷ്ണൻ നമ്പൂതിരി
കുറ്റിപ്പുറം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ കൂട്ടുപ്രതി 22 വർഷത്തിന് ശേഷം പിടിയിൽ. ഇടുക്കി കട്ടപ്പന നെരിയംപാറ താഴത്ത് ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരിയാണ് (64) പിടിയിലായത്.
ഇയാൾ 1999 ൽ കടകശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു. സഹായിയായ കോട്ടയം കല്ലറ സ്വദേശി കുറ്റിപ്പുറത്ത് നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂട്ടുപ്രതിയായിരുന്നു ഹരികൃഷ്ണൻ നമ്പൂതിരി. കേസ് ഒത്തുതീർന്നെങ്കിലും ഇയാൾ കോടതിയിൽ ഹാജരായിരുന്നില്ല. മറ്റ് ജില്ലകളിൽ ക്ഷേത്രങ്ങളിലെ ശാന്തിക്കാരനായി ജോലി ചെയ്തിരുന്നെങ്കിലും കണ്ടെത്താൻ പൊലീസിന് കഴിയാതെ വന്നതോടെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ഇടുക്കിയിൽ നിന്ന് പിടിയിലായത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.