പ്രതിയെ തട്ടിക്കൊണ്ടുപോയി മർദനം: ഗുണ്ടാസംഘം റിമാൻഡിൽ
text_fieldsനിസാമിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായവർ
കിളിമാനൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘം റിമാൻഡിൽ. പൊലീസ് കാപ്പ ചുമത്തുകയും ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തുകയും ചെയ്ത നിലമേൽ വാഴോട് മൈലക്കുന്നിൽ വീട്ടിൽ എ. നിസാമിനെ (40) തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
കൊല്ലം അയത്തിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശിവകുമാർ (28), മണമ്പൂർ മുള്ളറംകോട് സതി നിവാസിൽ ബിനു (32), പുല്ലമ്പാറ വിജിഭവനിൽ വർക്കി എന്ന ബിജു (39), നരിക്കല്ല് മുക്ക് ബിസ്മി ബംഗ്ലാവിൽ ഷെറിൻ മുബാറക് (38 ), ഇവർക്ക് സഹായം നൽകിയ തൊടുപുഴ ഇലവുംതടത്തിൽ വീട്ടിൽ ആഷിഖ് (35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മറ്റു മൂന്ന് പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ 28ന് രാത്രി പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ്സ്റ്റാൻഡിന് സമീപത്തുനിന്നുമാണ് നിസാമിനെ സംഘം തട്ടിക്കൊണ്ടുപോയത്. കല്ലമ്പലം സ്വദേശിനിയായ ഷെറിൻ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലോറി ഇവരുടെ ഡ്രൈവറായ ചിഞ്ചിലാൻ എന്ന നിസാം ഓട്ടം പോയശേഷം തിരികെ നൽകിയില്ല. നിരവധി കേസുകളിലെ പ്രതിയായ കർണൽ രാജിന്റെ മേൽനോട്ടത്തിലുള്ളതാണ് ലോറി.
ഇതിലുള്ള വൈരാഗ്യത്തിൽ ഷെറിൻ മുബാറക് നിസാമിനെ വക വരുത്താൻ ഗൂഢാലോചന നടത്തി ഗുണ്ടാസംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാസംഘം രണ്ടു കാറുകളിലായി കിളിമാനൂരിൽ എത്തി നിസാമിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെടുന്നതിനിടെ പിടികൂടി മർദിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് കോയമ്പത്തൂർ, മൈസൂരു എന്നിവിടങ്ങളിൽ തടങ്കലിൽ പാർപ്പിച്ച് മർദിക്കുന്നതിനിടെ നിസാം രക്ഷപ്പെട്ടു. അവശനിലയിൽ പൊലീസാണ് ഇയാളെ കണ്ടെത്തിയത്.
ഡി.ഐ.ജി നിശാന്തിനി, ആറ്റിങ്ങൽ ഡിവൈ.എസ്.പി ബിനു എന്നിവരുടെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം, തിരുവനന്തപുരം കൊല്ലം ജില്ലകളിലെ പ്രവേശനവിലക്ക് ലംഘിച്ച നിസാമിനെ കാപ്പ നിയമപ്രകാരം തടവിലാക്കി. നിസാമിന്റെ പേരിൽ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ഭവനഭേദനം, പിടിച്ചുപറി, വധശ്രമം അടക്കം നിരവധി കേസുകളുണ്ട്. 2005ൽ കിളിമാനൂർ പൊലീസ് നിസാമിനെ റൗഡിലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. അറസ്റ്റിന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനു, സി.ഐ എസ്. സനൂജ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

