നെടുമ്പാശ്ശേരിയിലെ അപകട മരണം കൊലപാതകമെന്ന്; രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍
text_fieldsഐവിൻ ജിജോ
നെടുമ്പാശ്ശേരി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി. നെടുമ്പാശ്ശേരി കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവിസസ് ഗ്രൂപ്പിലെ ഷെഫും അങ്കമാലി തുറവൂർ അരിശേരി വീട്ടിൽ ജിജോ ജെയിംസിന്റെ മകനുമായ ഐവിൻ ജിജോയാണ് (24) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ് (28), കോൺസ്റ്റബിൾ മോഹൻ കുമാർ (31) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും ബിഹാർ സ്വദേശികളാണ്. ഇവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ബുധനാഴ്ച രാത്രി 11 മണിയോടെ നെടുമ്പാശ്ശേരിക്കടുത്ത് നായത്തോടാണ് സംഭവം. ഐവിൻ ജോലിസ്ഥലത്തേക്ക് കാറിൽ വരുമ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുമായി ഉരസുകയും സൈഡ് നൽകാത്തതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്തർക്കമുണ്ടാകുകയും ചെയ്തു.
ഐവിൻ വാഹനത്തിന് മുന്നിൽ കയറിനിന്നപ്പോൾ സി.ഐ.എസ്.എഫുകാർ പെട്ടെന്ന് പിന്നോട്ടെടുത്തശേഷം മുന്നിലേക്ക് ഓടിച്ചു. ഈ സമയം ഐവിൻ ബോണറ്റിലേക്ക് വീണു. തുടർന്ന്, ഇവർ അമിതവേഗതയിൽ കാർ ഓടിച്ചുപോയപ്പോൾ ഐവിൻ ബോണറ്റിൽനിന്ന് തെറിച്ചുവീഴുകയും വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നെന്ന് പറയപ്പെടുന്നു.
ബോണറ്റിൽ വീണുകിടന്ന ഐവിനെ ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോകുന്നതടക്കം സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ഐവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരുടെ മർദനമേറ്റ വിനയകുമാർ ദാസിനെ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്തുനിന്ന് ഓടിക്കളഞ്ഞ മോഹൻകുമാർ വ്യാഴാഴ്ച പുലർച്ച വിമാനത്താവളത്തിൽ ജോലിക്ക് കയറി. ഇവിടെനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സി.ഐ.എസ്.എഫുകാർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

