അപകടത്തിൽപ്പെട്ട കാറിൽനിന്ന് 2.84 ഗ്രാം എം.ഡി.എം.എ കണ്ടെത്തി: ഡ്രൈവർ പിടിയിൽ
text_fieldsകോഴിക്കോട്: വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപം അപകടത്തിൽപ്പെട്ട കാറിൽനിന്ന് 2.84 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു പൊലീസ്. കാർ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനുവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന സമയത്ത് മനുവിനെ ആശുപത്രിയിലെത്തിച്ച യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മനുവിന്റെ സുഹൃത്തുക്കൾക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല.
ഏപ്രിൽ അഞ്ചിന് രാത്രി എട്ടുമണിയോടെയാണ് മനു ഓടിച്ചുവന്ന കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ പള്ളിക്കണ്ടി സ്വദേശിയായ യുവാവിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ മനുവിനെയും സ്‌കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ, പ്രതിയായ മനു തന്റെ കാർ അപകടത്തിൽപ്പെട്ട വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച പ്രണവിനെ മർദിക്കുകയായിരുന്നു.
ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് മുന്നിൽവെച്ചാണ് ഇവർ പ്രവീണിനെ മർദിച്ചത്. നെഞ്ചിൽ ചവിട്ടേറ്റും ചാവി കൊണ്ട് നെറ്റിയിൽ കുത്തേറ്റും പ്രണവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. നെറ്റിയിൽനിന്ന് രക്തംവാർന്നതിനെ തുടർന്ന് യുവാവ് ബോധരഹിതനായതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രണവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് മനുവിന്റെ സുഹൃത്തുകൾകെതിരെ കേസെടുത്തിരുന്നു. തുടർന്ന് പൊലീസ് അപകടം നടന്ന സ്ഥലത്ത് എത്തി കാർ തുറന്ന് പരിശോധിച്ചു. ഇതോടെ കാറിനുള്ളിൽ സൂക്ഷിച്ച ബാഗിലെ പേഴ്‌സിൽനിന്നും എം.ഡി.എം.എ കണ്ടെടുത്തത്. ഇതിനൊപ്പം ലഹരി ഉപയോഗിക്കുന്നതിന് സൂക്ഷിച്ച ഗ്ലാസ് ട്യൂബും ലഹരിമരുന്ന് തൂക്കിവിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തി.
അതിനിടെ, കാറിൽനിന്ന് എം.ഡി.എം.എ പൊലീസ് പിടികൂടി എന്ന് അറിഞ്ഞ പ്രതിയായ മനു ആശുപത്രിയിൽനിന്ന് മുങ്ങിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയും എലത്തൂരിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മനുവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിന് ചേവായൂർ പൊലീസിലും പൊതുസ്ഥലത്ത് മദ്യപിച്ചതിന് മംഗലാപുരം പൊലീസിലും മനുവിനെതിരേ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽവെച്ച് യുവാവിനെ ആക്രമിച്ച മനുവിന്റെ സുഹൃത്തുക്കൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വെള്ളയിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മിഥുൻ, എ.എസ്.ഐ നിഷാദ്, സി.പി.ഒ നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

