സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രം മോർഫ് ചെയ്തു; എ.ബി.വി.പി നേതാവിനെതിരെ കേസ്
text_fieldsപുനലൂർ: സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ ഫോണിൽ പകർത്തി മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ച എ.ബി.വി.പി നേതാവിനെതിരെ അന്വേഷണം. വിദ്യാർഥിയെ സസ്പെന്‍റ് ചെയ്തു. പുനലൂർ ഗവ. പോളിടെക്നിക് കോളജിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥി എസ്. അച്യുതനെയാണ് അനിശ്ചിതകാല കാലത്തേക്ക് സസ്പെൻഡ് ചെയ്തത്.
എ.ബി.വി.പി യൂനിറ്റ് വൈസ് പ്രസിഡന്റാണ് അച്യുതൻ. കോളജ് അധികൃതരുടെയും ഇരകളുടെയും പരാതിയെ തുടർന്ന് പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. അച്യുതനെ ഡിസ്മസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധമുണ്ടായി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർഥിക്കെതിരെ പരാതിയുമായി അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ വിഭാഗത്തിലെ പെൺകുട്ടികൾ രംഗത്തെത്തിയത്. ഇതോടെ കോളജിലെ ചില അധ്യാപികമാരും മറ്റു വനിത ജീവനക്കാരും പരാതിയുമായി വന്നു. തുടർന്ന് പ്രിൻസിപ്പലിന്റെയും മറ്റു അധ്യാപകരുടെയും രക്ഷിതാവിന്റെയും സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ വിദ്യാർഥി കുറ്റം സമ്മതിച്ചു.
മൊബൈൽ ഫോണിലുള്ള അശ്ലീല സൈറ്റുകളിലൂടെയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഗൂഗിൾ പേ വഴി ഇതിന് പ്രതിഫലമായി പണം ലഭിച്ചതായും ബോധ്യപ്പെട്ടു. അധ്യാപികമാരടക്കം ഏഴുപേർ ഇരയായെന്നാണ് പ്രാഥമിക നിഗമനം. രേഖാമൂലം പരാതി നൽകിയില്ലെങ്കിലും തങ്ങളുടെ ഫോട്ടോയും ദുരുപയോഗം ചെയ്തതായി നിരവധി വിദ്യാർഥികൾ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു.
സംഭവത്തെത്തുടർന്ന് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ അടിയന്തിര അക്കാദമിക് കമ്മിറ്റി ചേർന്ന് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാനടപടി സ്വീകരിച്ചത്. ഉടൻ പൊലീസിൽ പരാതിയും നൽകി. വ്യാഴാഴ്ച പൊലീസ് കോളജിലെത്തി വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കി. വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് മോബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

