ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മയക്കുമരുന്ന് ഒളിപ്പിക്കുന്ന ഇടമാകുന്നു
text_fieldsനെടുമ്പാശേരി: 2018 ലെ വെള്ളപ്പൊക്കത്തിൽ തകരാറിലായതിനെ തുടർന്ന് തെരുവോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മയക്കുമരുന്ന് വിൽപ്പനക്കാരുടെ സങ്കേതങ്ങളാകുന്നു. കഞ്ചാവും മറ്റും കൊണ്ടുവരുന്ന ഇടനിലക്കാർ ഇത്തരം വാഹനങ്ങളിലും മറ്റും ഒളിപ്പിച്ചു വച്ച ശേഷം ആവശ്യക്കാർക്ക് അവിടെ നിന്നും എടുത്തു കൊള്ളുവാൻ നിർദ്ദേശം നൽകുകയാണ് ചെയ്യുന്നത്.
അടുത്തിടെ ഇത്തരത്തിൽ മയക്കുമരുന്നൊളിപ്പിക്കുന്നത് എക്സൈസുകാർ കണ്ടെത്തിയിരുന്നു. ദേശീയ പാതയിലും മറ്റും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ആലുവ - അങ്കമാലി റോഡിൽ നിരവധി വാഹനങ്ങൾ ഇത്തരത്തിൽ കിടക്കുന്നുണ്ട്.
ഇവയുടെ കണക്കു പോലും എടുത്തിട്ടില്ല. പല വാഹനങ്ങളിലും വള്ളി പടർപ്പുകളുണ്ട്. അതിനാൽ ഇഴജന്തുക്കളും ഇതിൽ വസിക്കുകയാണ്. വാഹനങ്ങൾ നീക്കം ചെയ്യാത്തതുമൂലം ഏറെയും തുരുമ്പെടുത്ത് നശിക്കുകയാണ്