ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി; ക്വട്ടേഷൻ രണ്ടര ലക്ഷത്തിന്; എ.എ.പി നേതാവും കാമുകിയും അറസ്റ്റിൽ
text_fieldsലുധിയാന: വാടക കൊലയാളികളെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ആം ആദ്മി പാർട്ടി പ്രാദേശിക നേതാവും കാമുകിയും അറസ്റ്റിൽ. നാലു വാടക കൊലയാളികളെയും ലുധിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വാടക കൊലയാളി ഒളിവിലാണ്.
എ.എ.പി ലുധിയാന നേതാവും വ്യാപാരിയുമായി അനോഖ് മിത്തൽ കാമുകി പ്രതീക്ഷയുടെ സഹായത്തോടെയാണ് ഭാര്യ മാൻവിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. റസ്റ്റാറന്‍റിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടർന്നെത്തിയ മോഷണ സംഘത്തിന്‍റെ അക്രമത്തിൽ ഭാര്യ കൊല്ലപ്പെട്ടെന്നാണ് അനോഖ് മിത്തൽ പൊലീസിനോട് വെളിപ്പെടുത്തിയത്. ലുധിയാനയിൽനിന്ന് 40 കിലോമീറ്റർ അകലെ റൂർക്കയിൽ വെച്ചാണ് മോഷണ സംഘം ആക്രമിച്ചത്. ഭാര്യ മാൻവിയെ കുത്തിപ്പരിക്കേൽപിച്ചശേഷം ആഭരണങ്ങളും പണവും കൈക്കലാക്കിയ അക്രമി സംഘം ഇവരുടെ കാറിൽ രക്ഷപ്പെട്ടെന്നും പൊലീസിന് മൊഴി നൽകിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മാൻവി പിന്നാലെ മരണത്തിന് കീഴടങ്ങി.
മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് അനോഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. അനോഖും കാമുകിയും ചേർന്നാണ് ഭാര്യയെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയത്. ഇരുവരും തമ്മിലുള്ള ബന്ധം മാൻവി അറിയുകയു ഇതിനെ ചൊല്ലി കുടുംബത്തിൽ തർക്കവും പതിവായിരുന്നു. ഒടുവിലാണ് മാൻവിയെ കൊലപ്പെടുത്താൻ അനോഖും പ്രതീക്ഷയും തീരുമാനിച്ചത്. രണ്ടര ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്.
മുൻകൂറായി അരലക്ഷം രൂപ നൽകി. ബാക്കി പണം കൊല നടത്തിയശേഷം നൽകാനായിരുന്നു നീക്കം. കൊലയാളി സംഘത്തിലെ അമൃത്പാൽ സിങ് (26), ഗുർദീപ് സിങ് (25), സോനു (24), സാഗർദീപ് എന്ന തേജി (30) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി ഗുർപ്രീത് സിങ് ഒളിവിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും ആയുധങ്ങളും കണ്ടെടുത്തതായി ലുധിയാന കമീഷണർ കുൽദീപ് സിങ് ചഹൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

