ജീവിതാഭിലാഷം പൂർത്തിയാക്കാൻ അയാൾ യൂനിഫോമിട്ടിറങ്ങി; അവസാനം യഥാർഥ പൊലീസ് പൊക്കി അകത്തുമിട്ടു
text_fieldsപയ്യന്നൂർ: പൊലീസ് ഇന്‍സ്‌പെക്ടറായി ആള്‍മാറാട്ടം നടത്തിയ കേസില്‍ യുവാവ് പിടിയിൽ. പരിയാരം മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടറായി വാഹന പരിശോധക്കിറങ്ങിയ കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.ജഗദീഷി(40)നെയാണ് പരിയാരം പൊലീസ് ചൊവ്വാഴ്ച്ച രാത്രി പിടികൂടിയത്. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പഠിക്കുന്നകാലത്ത് ജഗദീഷിന്റെ സ്വപ്‌നമായിരുന്നു പൊലീസ് അല്ലെങ്കിൽ പട്ടാള ഓഫിസറാവുക എന്നത്. എന്നാൽ, വിധി മറ്റൊന്നായിരുന്നു. സേനാമോഹം പൊലിഞ്ഞതോടെ ഏറെക്കാലം പ്രവാസജീവിതം നയിച്ച് നാട്ടിലെത്തിയ ജഗദീഷ് പയ്യന്നൂരിലെ മോട്ടോര്‍ ഡ്രൈവിങ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലിക്ക് കയറി. പ്രവാസ ജീവിതകാലത്ത് ടിക് ടോക്കില്‍ സജീവമായിരുന്ന ജഗദീഷിനോട് സുഹൃത്തുക്കള്‍ പൊലീസ് ലുക്ക് ഉണ്ടെന്ന് പറഞ്ഞതോടെയാണ് പഴയ പോലീസ് മോഹം പുറത്തുവന്നത്.
ചന്തപ്പുരയിലെ ടെയിലറിങ് ഷോപ്പില്‍ നിന്ന് ടെലിഫിലിമില്‍ അഭിനയിക്കാനെന്ന് പറഞ്ഞാണ് സി.ഐയുടെ യൂനിഫോം തയ്പിച്ചത് . പൊലീസുകാര്‍ക്കുള്ള ഷൂസും ഷോക്‌സും സ്റ്റാറും ഉള്‍പ്പെടെ യൂനിഫോമിനാവശ്യമായ എല്ലാ സാധനങ്ങളും റെഡിയാക്കിയ ശേഷമാണ് വാഹന പരിശോധനക്കിറങ്ങിയത്. അധികം യാത്രക്കാരില്ലാത്ത മണിയറ- കാനായി- കോറോം റോഡിലും എരമം കുറ്റൂര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലുമായിരുന്നു 'ഇന്‍സ്‌പെക്ടര്‍' ഡ്യൂട്ടി ആരംഭിച്ചത്. യൂനിഫോം ധരിച്ച് അതിന് മുകളില്‍ കോട്ട് ധരിച്ച് ബൈക്കിലായിരുന്നു സഞ്ചാരം. ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവര്‍, അമിതവേഗത്തില്‍ പോകുന്നവര്‍, യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍, മാസ്‌ക് ധരിക്കാത്തവര്‍ എന്നിവരൊക്കെയായിരുന്നു ഇരകള്‍. ഇവരെ ഉപദേശിക്കുകയും കര്‍ശനമായി താക്കീത് ചെയ്ത് വിടുകയുമാണ് ഇയാളുടെ രീതീയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 30 മുതലാണ് ജഗദീഷിന്റെ 'ജോലി' ആരംഭിച്ചതത്രെ. പരിയാരത്ത് നിലവില്‍ സി.ഐ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനെപ്പറ്റി അറിയാവുന്ന ഒരാളാണ് സംശയംതോന്നി വിവരം സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ കെ.ദിലീപിനെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ജഗദീഷ് ആരോടെങ്കിലും പണം വാങ്ങിയിരുന്നോ എന്നത് ഇതേവരെ വ്യക്തമല്ല. ആരെങ്കിലും പരാതിയുമായി എത്തിയാല്‍ അതിനും കേസെടുക്കുമെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

