വിളിക്കാൻ വാങ്ങിയ മൊബൈലുമായി കടന്ന യുവാവ് പിടിയിൽ
text_fieldsഷൈജു
വർക്കല: കാൾ ചെയ്യാൻ ചോദിച്ചുവാങ്ങിയ മൊബൈലുമായി കടന്ന യുവാവ് പിടിയിൽ. കാരോട്ട് ആയിരപള്ളത്ത് മേൽപ്പുറംവീട്ടിൽ ഷൈജുവാണ് (34) പിടിയിലായത്. ഒക്ടോബർ 27നായിരുന്നു സംഭവം. വഴിയരികിൽ കണ്ട ടാക്സി ഡ്രൈവറിൽനിന്ന് കാൾ ചെയ്യാനായി വാങ്ങിയ മൊബൈലുമായി ഇയാൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
പരാതിയിൽ പൊലീസ് അന്വേഷണം നടത്തവെ പൊഴിയൂർ ചാരോട്ടുകോണത്തെ മൊബൈൽ റിപ്പയറിങ് കടയിൽ ലോക്ക് മാറ്റാനായി ഏൽപ്പിച്ച വിവരം ലഭിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ െവച്ചും സൈബർ വിങ്ങിന്റെ സഹായത്താലും പൊലീസ് ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. റിപ്പയറിങ് ഷോപ്പിൽനിന്ന് ഫോൺ കണ്ടെടുത്ത പൊലീസ് ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. റൂറൽ ജില്ല പൊലീസ് അഡീഷനൽ എസ്.പി സി. വിനോദിന്റ നിർദേശാനുസരണം വർക്കല ഇൻസ്പെക്ടർ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

