വ്യാപാരി അപകടത്തിൽ മരിച്ച കേസിൽ യുവാവ് റിമാൻഡിൽ ഇടിച്ചത് വ്യാജ നമ്പറുള്ള സ്കൂട്ടർ
text_fieldsതിരൂരങ്ങാടി: വ്യാപാരി അപകടത്തിൽ മരിച്ച കേസിൽ യുവാവ് പിടിയിൽ. പെരുവള്ളൂർ കല്ലറകുട്ടി വീട്ടിൽ ഇബ്രാഹിമിെൻറ മകൻ പി.സി. റിയാസാണ് (23) പിടിയിലായത്.
റിയാസിനെ റിമാൻഡ് ചെയ്തു. ചെമ്മാട് ഗ്ലാമർ ജെൻറ്സ് വെയർ ഷോപ്പ് ഉടമ കണ്ണമംഗലം അച്ചനമ്പലം മച്ചിങ്ങൽ മാളിയേക്കൽ അബ്ദുല്ലക്കുട്ടിയാണ് (43) മരിച്ചത്. കഴിഞ്ഞമാസം 28ന് കൊളപ്പുറം ആസാദ് നഗറിൽെവച്ചായിരുന്നു അപകടം. രാത്രി 10.30ന് കട അടച്ചുവീട്ടിലേക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന റിയാസിെൻറ സ്കൂട്ടർ ബൈക്കിലിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് പരിക്കേറ്റു കിടന്ന റിയാസിനെ ഒരാൾ തെൻറ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വേണ്ടെന്ന് വാശിപിടിച്ച് ഇയാൾ വീട്ടിലേക്കു മടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുഖത്തും ദേഹത്തും പരിക്കേറ്റ റിയാസിനെ വീട്ടുകാർ പിന്നീട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെ നാളത്തെ അന്വേഷണത്തിനുശേഷമാണ് റിയാസിെൻറ സ്കൂട്ടറാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് കണ്ടെത്തിയത്. സ്കൂട്ടറിെൻറ നമ്പർ വ്യാജമാണെന്നും കണ്ടെത്തി. 2017ൽ മഞ്ചേരി പന്തല്ലൂർ സ്വദേശി വാങ്ങിയ സ്കൂട്ടർ രജിസ്ട്രേഷൻ നടത്താതെ ഉപയോഗിക്കുകയായിരുന്നെന്നും ഒട്ടേറെപ്പേർ കൈമാറിയാണ് റിയാസിന് കിട്ടിയതെന്നും പൊലീസ് പറഞ്ഞു. KL 65 V 7034 നമ്പർ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, വി സീരീസ് ഇതുവരെ തിരൂരങ്ങാടിയിൽ നൽകിത്തുടങ്ങിയിട്ടില്ല. സുഹൃത്തിെൻറ ൈകയിൽനിന്ന് ഓടിക്കാൻ വാങ്ങിയതാണെന്നാണ് റിയാസിെൻറ മൊഴി. വ്യാജ നമ്പർ ഘടിപ്പിച്ച സ്കൂട്ടർ ഉപയോഗിച്ചതിനാൽ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. പ്രിൻസിപ്പൽ എസ്.ഐ പ്രിയൻ, എസ്.ഐ എം. ജയപ്രകാശ് എന്നിവരാണ് കേസ് അന്വേഷിച്ചിരുന്നത്.