കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. തടയാനെത്തിയ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. കാഞ്ഞിരക്കൊല്ലി ശശിപ്പാറ റോഡരികിൽ ആമിനത്തോട്ടിലെ മടത്തേടത്ത് നിധീഷ് ബാബുവാണ് (38) വെട്ടേറ്റ് മരിച്ചത്. ഇയാളുടെ ഭാര്യ ശ്രുതിയെ (28) വെട്ടേറ്റ് ഗുരുതര നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെയായിരുന്നു സംഭവം. കൊല്ലപ്പണിക്കാരനാണ് നിധീഷ്. വീടിനോട് ചേർന്ന ഷെഡിൽ ഇരുമ്പായുധങ്ങൾ നിർമിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം നിധീഷുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ പണിശാലയിൽ നിർമിച്ചുവെച്ചിരുന്ന കത്തിയെടുത്ത് അക്രമി സംഘം നിധീഷിനെ പലതവണ വെട്ടുകയായിരുന്നു. സംഭവം കണ്ട് ഭാര്യ ശ്രുതി നിലവിളിച്ച് ഓടിയെത്തി തടയാൻ ശ്രമിച്ചു. തുടർന്ന് ശ്രുതിയെയും ക്രൂരമായി വെട്ടി. നിധീഷ് തൽക്ഷണം മരിച്ചു. സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം പൾസർ ബൈക്കിൽ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പയ്യാവൂർ പൊലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കൊലക്കുപിന്നിൽ സാമ്പത്തികവും മറ്റ് ചില തർക്കങ്ങളുമാണെന്ന സൂചനയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ മടത്തേടത്ത് വീട്ടില്‍ ബാബുവിന്റെയും സരസ്വതിയുടെയും മകനാണ് കൊല്ലപ്പെട്ട നിധീഷ്. സിദ്ധാർഥ് (മൂന്നാം തരം വിദ്യാർഥി), സങ്കീർത്ത് എന്നിവർ മക്കളാണ്. സഹോദരി: നീതു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

