മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു
text_fieldsകട്ടപ്പന: മദ്യപാനത്തിനിടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ചെല്ലാർകോവിൽ ഇടപ്പാടിയിൽ ( ഇരപ്പാൻപാറ) ഷാജിയാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ചെല്ലാർകോവിൽ ഒന്നാം മൈയിൽ ഇടപ്പാടിയിൽ രാഹുൽ രമണനെ(36) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇവർ സുഹൃത്തുക്കളാണെങ്കിലും വ്യക്തിവിരോധം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. രാഹുലിന്റെ വീട്ടിൽ എത്തിയ ഷാജി രാഹുലിനോടൊപ്പം മദ്യപിച്ചു. ഇതിനിടെ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വാക്കുതർക്കവും അടിപിടിയും ഉണ്ടായി. തുടർന്ന് വിറകുകൊണ്ട് ഷാജിയെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് രാഹുലിന്‍റെ മൊഴി.
കൊലപാതകത്തിന് ശേഷം പ്രതി അയൽ വീട്ടിലെത്തി അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് അവർ ചോദിച്ചപ്പോഴാണ് കൊലപാതക വിവരം പറഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർഷങ്ങളായി ചക്ക കച്ചവടം നടത്തിവരുകയായിരുന്നു ഇവർ.
ഇടുക്കി എസ്.പി വി.യു കുര്യാക്കോസ്, കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോൻ, വണ്ടൻമേട് സി.ഐ വി.എസ് നവാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്‌ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഇടുക്കിയിൽനിന്ന് വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്‌ഥലത്തെത്തി തെളിവ് ശേഖരിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

