വ്യാജ രേഖ ചമച്ച് ബാങ്ക് വായ്പയെടുത്ത് കാറുകള്‍ വാങ്ങി വിറ്റ കേസിൽ യുവാവും മാതാവും പിടിയിൽ
text_fieldsഗുരുവായൂര്‍: വ്യാജ രേഖ ചമച്ച് 25 ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ കരസ്ഥമാക്കി ആഡംബര കാറുകള്‍ വാങ്ങുകയും വായ്പയുടെ കാര്യം മറച്ചുവെച്ച് കാറുകള്‍ വിൽക്കുകയും ചെയ്ത കേസിൽ യുവാവും മാതാവും അറസ്റ്റില്‍. കോഴിക്കോട് രാമനാട്ടുകര കല്ലുവളപ്പ് പെരുമുഖം നികേതം വീട്ടില്‍ വാടകക്ക് താമസിക്കുന്ന വിപിന്‍ കാര്‍ത്തിക് (29), ഇയാളുടെ മാതാവ് ശ്യാമള വേണുഗോപാൽ (60) എന്നിവരാണ് പിടിയിലായത്.
രണ്ടു വര്‍ഷം മുമ്പ് സമാന കേസില്‍ അറസ്റ്റിലായവരാണ് പ്രതികള്‍. ഐ.പി.എസ് ഉദ്യോഗസ്ഥന് ചമഞ്ഞ് കബളിപ്പിച്ചതിനും വിപിനെതിരെ പരാതിയുണ്ടായിരുന്നു. 2019ൽ ടാറ്റ കണ്‍സൽട്ടൻസിയിലെ സിസ്റ്റം അനലിസ്റ്റ് എന്ന് പരിചയപ്പെടുത്തിയാണ് ബാങ്കില്‍നിന്ന് ലോണ്‍ തരപ്പെടുത്തിയത്. ജാമ്യത്തിന് അമ്മ ശ്യാമളയുടെ പേരില്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റും നല്കി. തൃശൂര്‍ സിവില്‍ സ്റ്റേഷനിലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2021 ഫെബ്രുവരിയിലാണ് ബാങ്ക് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ബാങ്കുകളെ കബളിപ്പിച്ച് വായ്പയെടുത്ത് കാറുകള്‍ വാങ്ങിയതിന് 2019 ഒക്ടോബറിൽ വിപിനെയും ശ്യാമളയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജറായിരുന്ന സുധാദേവിയില്‍നിന്ന് 97 പവന് സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതിനും ഇവര്‍ക്കെതിരെ കേസുണ്ടായിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് വായ്പയെടുത്തിരുന്നെങ്കിലും ബാങ്ക് അന്ന് പരാതി നൽകിയിരുന്നില്ല. നാലു മാസം മുമ്പ് ബാങ്ക് പരാതി നൽകിയതിനെ തുടര്‍ന്ന് പൊലീസ് വിപിെൻറ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് തിങ്കളാഴ്ച വൈകീട്ട് മമ്മിയൂരില്‍ പ്രതി കുടുങ്ങിയത്. സുഹൃത്തിനൊപ്പം കാറില്‍ എറണാകുളത്തുനിന്ന് വരുകയായിരുന്നു ഇയാള്‍. മകന് അറസ്റ്റിലായതറിഞ്ഞ് ശ്യാമള സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
ബാങ്ക് വായ്പ ഉപയോഗിച്ച് വാങ്ങിയ രണ്ട് കാറുകളും തങ്ങള്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചു. ബാങ്ക് വായ്പ കാര്യം മറച്ചുവെച്ച് വ്യാജ രേഖ ചമച്ചാണ് മലപ്പുറം സ്വദേശിക്കും കൊടുവള്ളി സ്വദേശിക്കും കാര്‍ വിറ്റത്. ഇൗ കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.സി.പി കെ.ജി. സുരേഷ്, ടെമ്പ്ള്‍ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന്, എസ്.ഐ കെ.വി. സുനില്‍കുമാര്‍, എ.എസ്.ഐ ശ്രീജി, എസ്.സി.പി.ഒ സോജുമോന്, സി.പി.ഒ പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ജാമ്യത്തിലും 'െഎ.പി.എസ്' തിളക്കത്തിൽ വിപിന്‍ കാര്‍ത്തിക്
ഗുരുവായൂര്‍: കശ്മീരിലെ ഐ.പി.എസ് ഓഫിസറെന്നു പറഞ്ഞ് പൊലീസിനെ വരെ കബളിപ്പിച്ച വിപിന്‍ കാര്‍ത്തികിന് ജാമ്യത്തിലിറങ്ങിയിട്ടും ഐ.പി.എസ് ഭ്രമം മാറിയില്ല. ഐ.പി.എസ് ഓഫിസര്‍ എന്നു പറഞ്ഞ് ഗുരുവായൂരില്‍ വിലസിയിരുന്ന വിപിന്‍ 2019 ഒക്ടോബറിലാണ് ആദ്യം പൊലീസിെൻറ പിടിയിലായത്. എസ്.ബി.ഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളെ കബളിപ്പിച്ച് ആഡംബര കാറുകള്‍ വാങ്ങി വ്യാജ രേഖ ചമച്ച് വിറ്റഴിച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കശ്മീരിലെ കുപ്വാര ജില്ലയിലെ ഐ.പി.എസ് ഓഫിസര്‍ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം രാമനാട്ടുകരയിലായിരുന്നു വിപിനും ശ്യാമളയും താമസിച്ചിരുന്നത്. ഐ.പി.എസ് സെലക്ഷനുണ്ടെന്നും ഏതാനും ദിവസത്തിനകം ട്രെയിനിങ്ങിന് പ്രവേശിക്കുമെന്നുമാണ് അയല്‍വാസികളോട് പറഞ്ഞിരുന്നത്. ഉത്തരേന്ത്യന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ചിത്രം ഭാവി വധുവെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലില്‍ ചേര്‍ത്ത് വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്തു. കാര്‍ത്തിക് വേണുഗോപാല്‍ എന്നാണ് രാമനാട്ടുകരയില്‍ പറഞ്ഞിരുന്ന പേര്. തലശ്ശേരി ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫിസില്‍ പ്യൂണായി ജോലിചെയ്തിരുന്ന അമ്മ ശ്യാമളയെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

