ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചതിന് പ്രവാസിയുടെ ക്വട്ടേഷൻ; വിദ്യാർഥിയെ മർദിച്ച മൂന്നംഗസംഘം അറസ്റ്റിൽ
text_fieldsകോഴിക്കോട് മാറാട് പൊലീസ് അറസ്റ്റ് ചെയ്ത ക്വട്ടേഷൻ സംഘത്തിലെ കെഫ്സീബ്, ടി.വി. ഷംസുദ്ദീൻ, മുഹമ്മദ് റഫീഖ്
കോഴിക്കോട്: ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചു എന്നാരോപിച്ച് വിദ്യാർഥിയെ മർദിക്കാൻ പ്രവാസിയായ ഭർത്താവിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ടി.വി. ഷംസുദ്ദീൻ (31), ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്സീബ് (31) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും മാറാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. മാത്തോട്ടം സ്വദേശി ഏവിയേഷൻ കോഴ്സ് വിദ്യാർഥിയെയാണ് സംഘം ജനുവരി 15ന് ക്രൂരമായി മർദിച്ചത്.
പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായുള്ള സൗഹൃദമാണ് ക്വട്ടേഷന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പ്രവാസിയുടെ സുഹൃത്തുക്കളാണ് ക്വട്ടേഷൻ ഏറ്റെടുത്തവർ. സംഘം ആഴ്ചകളോളം വിദ്യാർഥിയെ നിരീക്ഷിക്കുകയും 15ന് രാത്രി വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയുമായിരുന്നു. വിദ്യാർഥിയുടെ കരച്ചിൽ കേട്ട് സമീപത്തെ വീട്ടുകാർ ലൈറ്റിട്ടപ്പോൾ പ്രതികൾ ഓടിക്കളയുകയായിരുന്നു.
വിദ്യാർഥിയുടെ പരാതിയിൽ ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ മൊബൈൽഫോണുകൾ സ്വിച്ച്ഓഫ് ചെയ്ത് ഒളിവിൽ പോയി. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ നാട്ടിലുള്ളവരെ ബന്ധപ്പെടുകയോ ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. സംഘം ഉത്തരേന്ത്യയിലേക്ക് പോയതായി മനസ്സിലാക്കിയ അന്വേഷണ സംഘം ഗുജറാത്തിലെ അഹമ്മദാബാദ്, രാജസ്ഥാനിലെ അജ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതായി മനസ്സിലാക്കി.
പ്രതികൾ കർണാടക ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഉടനെ ഉഡുപ്പിയിലേക്ക് പോവുകയും ട്രെയിനിൽ വന്ന സംഘത്തെ സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടെത്തിക്കുകയുമായിരുന്നു. മാറാട് പൊലീസും സ്പെഷൽ ആക്ഷൻ ഗ്രൂപ് നടത്തിയ വിശദ ചോദ്യംചെയ്യലിൽ ക്വട്ടേഷൻ നൽകിയവരെക്കുറിച്ചും ഇതിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ഷംസുദ്ദീൻ കസബ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്വർണക്കവർച്ച കേസിലെ പ്രതിയാണ്.
സ്പെഷൽ ആക്ഷൻ ഫോഴ്സിലെ സീനിയർ സി.പി.ഒമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സി.പി.ഒമാരായ സുമേഷ് ആറോളി, എ.കെ. അർജുൻ, മാറാട് സബ് ഇൻസ്പെക്ടർ ശശികുമാർ, എ.എസ്.ഐ വി.വി. സജിത്ത് കുമാർ, സീനിയർ സി.പി.ഒ മാമുക്കോയ എന്നിവരാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

