യുവാവിനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ മധ്യവയസ്കൻ പിടിയിൽ
text_fieldsസോന മുത്തു, കൊല്ലപ്പെട്ട യുവാവ്
കോഴിക്കോട്: തർക്കത്തിനിടെ യുവാവിനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ മധ്യവയസ്കനെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവഗംഗ സ്വദേശി സോന മുത്തുവാണ് (48) അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം. മലബാർ എക്സ്പ്രസിൽ കാഞ്ഞങ്ങാടുനിന്ന് ഷൊർണൂരിലേക്കു യാത്രചെയ്യുകയായിരുന്നു ഇയാൾ. ഇതേസമയം യുവാവ് ട്രെയിനിൽ ഒപ്പമുണ്ടായിരുന്നു. വാതിലിനോട് ചേർന്ന് നിൽക്കുകയും പിന്നീട് ഇവിടെതന്നെ ഇരിക്കുകയും ചെയ്ത ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായതോടെ സഹയാത്രക്കാരിൽ ചിലർ ഇത് മൊബൈലിൽ പകർത്തി.
ട്രെയിൻ കൊയിലാണ്ടിക്കടുത്ത് മൂടാടി ആനക്കുളം ഭാഗത്ത് എത്തിയപ്പോൾ സോനമുത്തു യുവാവിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവത്രെ. ഇതോടെ മറ്റു യാത്രക്കാർ ഇടപെട്ട് ചെയിൻവലിച്ച് ട്രെയിൻ നിർത്തി നോക്കിയപ്പോഴേക്കും പാളത്തിൽ വീണ യുവാവ് മരിച്ചിരുന്നു. തുടർന്ന് സോനമുത്തുവിനെ ട്രെയിനിൽതന്നെ പിടിച്ചിരുത്തി കോഴിക്കോട്ടെത്തിക്കുകയും റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറും എസ്.ഐ ജംഷീദ് മുറമ്പാളിലും ചേർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇരുവരും തമ്മിലുള്ള തർക്കമടക്കം സഹയാത്രികർ മൊബൈലിൽ പകർത്തിയതും ഇത് പൊലീസിന് കൈമാറിയതുമാണ് പ്രധാന തെളിവായത്. അതേസമയം, മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതരസംസ്ഥാനക്കാരനെന്ന് സംശയിക്കുന്ന 25 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം അഗ്നിരക്ഷസേനയും പൊലീസും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

