മോഷണശ്രമം നടത്തിയതും വനിതഡോക്ടറെ ആക്രമിച്ചതും ഒരാൾ; പിടിയിലായത് വാട്ടർ അതോറിറ്റി ജീവനക്കാരൻ
text_fieldsതിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം നടത്തിയതും മ്യൂസിയത്തിന് സമീപം പ്രഭാതസവാരിക്കിടെ വനിതഡോക്ടറെ ആക്രമിച്ചതും ഒരാളാണെന്ന് കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലയിൻകീഴ് മേച്ചൽ ശിവജിപുരം പത്മനാഭവിലാസം വീട്ടിൽ സന്തോഷിനെയാണ് (39) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. വാട്ടർ അതോറിറ്റിയിൽ 10 വർഷമായി താൽക്കാലിക ജീവനക്കാരനാണ്.
കഴിഞ്ഞ 26ന് പുലർച്ചെയായിരുന്നു സംഭവം. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണശ്രമം നടത്തിയശേഷം പുലർച്ചെ നാലേമുക്കാലോടെ മ്യൂസിയത്തിന് സമീപമെത്തിയ പ്രതി പ്രഭാതസവാരി നടത്തുന്ന വനിതഡോക്ടറെ ആക്രമിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആക്രമണ ദൃശ്യം ലഭിച്ചെങ്കിലും വ്യക്തതയില്ലായിരുന്നു. സമീപ പ്രദേശങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി രക്ഷപ്പെട്ടത് ഇന്നോവ കാറിലാണെന്ന് മനസ്സിലായി.
അക്രമി കാറുമായി രക്ഷപ്പെട്ട വഴികളിലെ കാമറ ദൃശ്യങ്ങൾ ശേഖരിച്ചും രേഖാചിത്രം തയാറാക്കിയും മറ്റ് ശാസ്ത്രീയ മാർഗങ്ങളിലൂടെയും പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. സംഭവത്തിന് ശേഷം തിരിച്ചറിയാതിരിക്കാൻ മുടി മൊട്ടയടിച്ച് വേഷം മാറിനടന്ന ഇയാളെ ഷാഡോ പൊലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു. പ്രതി ഇയാളാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്തപ്പോൾ കുറവൻകോണത്തെ വീട്ടിൽ കയറിയത് ഇയാളാണെന്ന് തെളിഞ്ഞു. ബുധനാഴ്ച രാവിലെ വനിതഡോക്ടറെത്തി പ്രതിയെ തിരിച്ചറിഞ്ഞതോടെ ആ കേസിലും പ്രതി ചേർത്തു. കുറവൻകോണത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
എന്നാൽ, തന്നെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് സന്തോഷ് പ്രതികരിച്ചു. ഡെപ്യൂട്ടി കമീഷണർ അജിത്കുമാറിന്റെ മേൽനോട്ടത്തിൽ കന്റോൺമെന്‍റ് അസി. കമീഷണർ ദിനരാജ്, പേരൂർക്കട എസ്.എച്ച്.ഒ ആസാദ് അബ്ദുൽകലാം, മ്യൂസിയം എസ്.ഐ ജിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
സന്തോഷിനെ പിരിച്ചുവിട്ടു
വാട്ടർ അതോറിറ്റിയിൽ താൽക്കാലിക ഡ്രൈവറായ സന്തോഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മന്ത്രി റോഷി അഗസ്റ്റിന്‍റെ നിർദേശാനുസരണമാണ് നടപടി. വിഷയം അറിഞ്ഞപ്പോൾതന്നെ പി.എസുമായി സംസാരിച്ചെന്നും ഡ്രൈവറായ ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിർദേശിച്ചെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ സ്റ്റാഫിൽ ഉൾപ്പെട്ട ആളല്ല അറസ്റ്റിലായത്. പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ച വാട്ടർ അതോറിറ്റിയുടെ വാഹനത്തിന്റെ കരാർ ജീവനക്കാരനാണ്. വാട്ടർ അതോറിറ്റിയിൽ പുറംകരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നൽകുന്ന ഏജൻസിയുടെ ജീവനക്കാരനാണ്. ഇയാൾക്കെതിരെ അന്വേഷണം നടത്തി ഉചിത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

