30 കോടിയുടെ `സമ്മാനം' മലയാളി വീട്ടമ്മയില്‍നിന്ന് 81 ലക്ഷം തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയിൽ; ഫേസ് ബുക്ക് വഴിയാണിവർ പരിചയപ്പെട്ടത്
text_fieldsതിരുവനന്തപുരം: ഫേസ്ബുക്ക് സൗഹൃദത്തിന്റെ ചതിക്കുഴിൽ വീണ്ടുമൊരു ഇരകൂടി. അന്ന മോർഗൻ എന്ന വ്യാജ പേരുള്ള പ്രൊഫൈലിൽനിന്നു വന്ന സൗഹൃദ റിക്വസ്റ്റ് 2021ൽ കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മ സ്വീകരിച്ചു. തുടർന്നാണിവർ സുഹൃത്തുക്കളാകുന്നത്. പിന്നീടാണ്
വീട്ടമ്മയിൽ നിന്നും 81 ലക്ഷം തട്ടിയെടുത്തത്. ഈ കേസിൽ നൈജീരിയൻ സ്വദേശി സൈബർ പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. നൈജീരിയൻ സ്വദേശി ഇസിചിക്കു (26) വിനെയാണു സൈബർ പൊലീസ് സംഘം ഡൽഹിയിൽനിന്നു പിടികൂടിയിരിക്കുന്നത്. വീട്ടമ്മയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതാണ്. ഒടുവിൽ ഭീഷണിപ്പെടുത്തിയാണ് 81 ലക്ഷം തട്ടിയെടുത്തത്.
2021 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്തോഷത്തിൽ താനും പങ്കുചേരുന്നു എന്നറിയിച്ചു അന്ന മോർഗൻ മെസേജ് അയച്ചു. അതുമാത്രമല്ല, സന്തോഷ സൂചകമായി 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്നും വീട്ടമ്മയെ അറിയിച്ചു. വീട്ടമ്മ ഇത് നിരസിച്ചു. എന്നാൽ, സമ്മാനം അയച്ചുകഴിഞ്ഞുവെന്നാണ് മെസേജ് ലഭിച്ചത്.
പീന്നീട് തട്ടിപ്പിലേക്ക് കടക്കുന്നത്. മുംബൈ കസ്റ്റംസ് ഓഫിസിലെ ഡിപ്ലോമാറ്റിക് ഏജന്റിന്റേതെന്നു പറഞ്ഞൊരാൾ വീട്ടമ്മയെ വിളിക്കുകയാണ്. യുകെയിൽ നിന്നു സമ്മാനം വന്നിട്ടുണ്ടെന്നും ഇതിൽ കുറച്ചു ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഉണ്ടെന്നും ധരിപ്പിച്ചു. ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് നിർദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22,000 രൂപ അടയ്ക്കണമെന്നും ഇയാളുടെ ആവശ്യം. ഇത്, ശരിയാണെന്ന് ധരിപ്പിക്കാൻ വീട്ടമ്മയ്ക്ക് വാട്സാപ് വഴി സമ്മാനത്തിന്റെ ചിത്രങ്ങളും വിഡിയോയും അയച്ചു. ഇതു വിശ്വസിച്ച വീട്ടമ്മ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ നിക്ഷേപിച്ചു. ഇതിൽ തീർന്നില്ല, വീട്ടമ്മയ്ക്കു പല എയർപോർട്ടുകളിൽ നിന്നായി കസ്റ്റംസ് ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തി ഫോൺ വന്നുകൊണ്ടെയിരുന്നു. തുടർന്ന്, ഇവർ പറയുന്ന പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു.
ഒടുവിൽ, കയ്യിലുള്ള പണം തീർന്നു. ഇതോടെ കസ്റ്റംസിൽ നിന്ന് വിളിക്കുകയാണെന്നും നിങ്ങളുടെ സമ്മാനം വിദേശത്തു നിന്നുളളതായതിനാൽ പണം അടച്ച് കൊണ്ടുപോയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നു പറഞ്ഞു ഭീഷണി സ്വരത്തിൽ ഫോൺ വന്നു. പിന്നീട്, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും തന്റെ പക്കലുണ്ടായിരുന്ന സ്വർണം വിറ്റും പണം നൽകിക്കൊണ്ടിരുന്നു. 2021 മുതൽ 2022 ജൂലൈ വരെ പലപ്പോഴായി പണം നൽകി. ഭീഷണി തുടർന്നതോടെ 2022 ജൂലൈയിൽ ജില്ല പൊലീസ് മേധാവിക്കു പരാതി നൽകി.
സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഇതോടെ, ഡൽഹിയിൽ നിന്നാണു പ്രതി തട്ടിപ്പ് നടത്തിയതെന്നു മനസ്സിലാക്കി. തുടർന്ന് ഇയാളുടെ താമസ സ്ഥലത്തിനു സമീപത്തു നിന്നു സാഹസികമായി പിടികൂടുകയായിരുന്നു. ഇയാൾക്ക് കൂട്ടാളികളാരെങ്കിലുമുണ്ടോയെന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

