മരുത റോഡ് ബാങ്കിൽ നിന്ന് കവർന്ന സ്വർണം വാങ്ങിയത് മഹാരാഷ്ട്രയിലെ ജ്വല്ലറി ഉടമ; കണ്ടെടുക്കാനുള്ളത് അഞ്ചര കിലോ സ്വർണം കൂടി
text_fieldsരാഹുൽ ജലിന്ദാർ ഗാഡ്ഖെ
പാലക്കാട്: ചന്ദ്രനഗർ മരുത റോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലെ കവർച്ച കേസിൽ മോഷണ മുതലുകൾ വാങ്ങിയ ജ്വല്ലറി ഉടമ കസബ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മഹാരാഷ്ട്ര സത്താറ സ്വദേശിയും ജ്വല്ലറി ഉടമയുമായ രാഹുൽ ജലിന്ദാർ ഗാഡ്ഖെയാണ് (37) വ്യാഴാഴ്ച കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ 25 വരെ കസ്റ്റഡിയിൽ വാങ്ങി. വരുംദിവസങ്ങളിൽ ഇയാളെ മഹാരാഷ്ട്രയിലെത്തിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 24നാണ് കേസിലെ ഒന്നാം പ്രതി നിഖിൽ അശോക് ജോഷി മരുതറോഡ് സഹകരണ ബാങ്കിൽനിന്ന് ഏഴര കിലോ സ്വർണവും 18,000 രൂപയും കവർന്നത്. ഇയാളെ പിന്തുടർന്ന പൊലീസ് സത്താറയിൽനിന്ന് പിടികൂടുകയായിരുന്നു. അന്വേഷണ സംഘം നിഖിലിനെ പിടികൂടിയതറിഞ്ഞ് രാഹുൽ ഒളിവിൽ പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിൽനിന്ന് നഷ്ടപ്പെട്ട ഏഴര കിലോ സ്വർണത്തിൽ 2.436 കിലോ സ്വർണം അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾക്കായി രാഹുലുമായി അന്വേഷണ സംഘം വരുംദിവസം മഹാരാഷ്ട്രയിലേക്ക് തിരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. കേസിലെ ഒന്നാം പ്രതി നിഖിൽ അശോക് ജോഷി നിലവിൽ മലമ്പുഴ ജില്ല ജയിലിൽ റിമാൻഡിലാണ്.