Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിക്ക് അടിമകളാകുന്ന...

ലഹരിക്ക് അടിമകളാകുന്ന വിദ്യാർഥികൾ; എണ്ണം കേട്ടാൽ ഞെട്ടും

text_fields
bookmark_border
ലഹരിക്ക് അടിമകളാകുന്ന വിദ്യാർഥികൾ;  എണ്ണം കേട്ടാൽ ഞെട്ടും
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ എണ്ണത്തിൽ ഞെട്ടിപ്പിക്കുന്ന വർധന. കോവിഡാനന്തരം ഇത്തരക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളതെന്ന് എക്സൈസിന്‍റെയും പൊലീസിന്‍റെയും കണക്കുകൾ. മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉപയോഗിച്ചുവന്ന 12 വയസ്സുകാരനെ ഉൾപ്പെടെ കൗൺസലിങ് കേന്ദ്രത്തിലെത്തിച്ചു.

പുകവലി ശീലത്തിൽ നിന്ന് ലഹരി വസ്തുക്കൾ കുത്തിവെക്കുന്നതും അല്ലെങ്കിൽ ശരീരത്തിനുള്ളിലേക്ക് ഈ വസ്തുക്കൾ നേരിട്ടെത്തിക്കുന്ന നിലയിലേക്കും പുതുതലമുറയുടെ രീതി മാറിയെന്നാണ് എക്സൈസിന്‍റെ വിലയിരുത്തൽ. പുകവലിയിൽ നിന്ന് കഞ്ചാവിലേക്കും ഒടുവിൽ എം.ഡി.എം.എ പോലുള്ള രാസലഹരിയിലേക്കുമാണ് കൗമാരക്കാർ കാലിടറി വീഴുന്നത്. 2019 കോവിഡ് കാലത്തിനുമുമ്പ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിരുന്നു. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ട് അടച്ചിട്ട വർഷങ്ങളിൽ അത് കുറഞ്ഞു. എന്നാൽ, കഴിഞ്ഞമാസം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ എണ്ണം കുത്തനെ കൂടി. എക്സൈസിന്‍റെ കേന്ദ്രങ്ങൾക്കു പുറമെ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ഇടങ്ങളിലൂടെ ചികിത്സ തേടിയവരുടെ എണ്ണവും ഇതിലും കൂടുതലാണ്. സ്കൂളുകളും കോളജുകളും തുറന്നതോടെ ലഹരി വിപണനവും സജീവമാകുന്നെന്നാണ് കണക്കുകൾ. ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ പ്രായത്തിലെ മാറ്റമാണ് വെല്ലുവിളിയാകുന്നത്. കൗമാരക്കാരായ കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ ബോധപൂർവ നീക്കമാണ് നടക്കുന്നതെന്ന് എക്സൈസ് വൃത്തങ്ങൾ പറയുന്നു.

കേസുകളിൽ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വസ്തുക്കളായ എം.ഡി.എം.എ, എൽ.എസ്.ഡി പിടികൂടുന്ന കേസുകളിൽ വലിയ വർധന. എക്സൈസിന്റെ കണക്കനുസരിച്ച് 2017ൽ 107.63 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയതെങ്കിൽ 2018ൽ ഇത് 31,147.62 ഗ്രാമായി കുതിച്ചു. 2019ൽ 230 ഗ്രാം. കോവിഡ് അടച്ചിടലിന്‍റെ കാലമായ 2020ൽ 564.11 ഗ്രാമും '21ൽ 6130.5 ഗ്രാമുമാണ് പിടികൂടിയത്. ഈവർഷം കഴിഞ്ഞമാസം വരെ 5362.20 ഗ്രാം എം.ഡി.എം.എ പിടികൂടിയിട്ടുണ്ട്.

എം.ഡി.എം.എ പോലുള്ള വിലകൂടിയ മയക്കുമരുന്നിന്‍റെ ഉപഭോഗം കൂടുമ്പോൾ കഞ്ചാവ് പോലുള്ളവ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. സംസ്ഥാനത്തേക്കെത്തുന്ന കഞ്ചാവിന്‍റെ അളവും കൂടുകയാണ്. 2016ൽ 1012 കിലോ കഞ്ചാവ് പിടികൂടിയപ്പോൾ '17ൽ 1332 കിലോ പിടിച്ചു. '18ൽ ഇത് 1884 കിലോ ആയി. '19ൽ 2796 കിലോ. 2020ൽ അത് 3209 കിലോയും '21ൽ 5632 കിലോയുമായി. ഈ വർഷം ആഗസ്റ്റ് വരെ പിടികൂടിയത് 2937 കിലോയാണ്. 2016ൽ 0.89 ഗ്രാം എൽ.എസ്‌.ഡി പിടികൂടിയ സ്ഥാനത്ത് ഈ വർഷം എട്ട് മാസത്തിനുള്ളിൽ മാത്രം 25.19 ഗ്രാമാണ്. വാറ്റ് ചാരായം നിർമിക്കുന്നതിനുള്ള വാഷ് പിടികൂടുന്നത് കോവിഡ് കാലത്ത് കൂടിയിരുന്നെങ്കിൽ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. 2021ൽ 6,91,590 ലിറ്റർ വാഷാണ് പിടികൂടിയത്. ഈ വർഷം ആഗസ്റ്റ് വരെ പിടികൂടിയത് 1,67,541 ലിറ്ററാണ്. കടത്താനും ഉപയോഗിക്കാനും എളുപ്പമാണെന്നതും ലഭിക്കുന്ന മാരക ലഹരിയുമാണ് എം.ഡി.എം.എയുടെ പ്രചാരം വർധിക്കാൻ കാരണമെന്ന് എക്സൈസ് വൃത്തങ്ങൾ പറയുന്നു. മദ്യപിച്ച് വാഹനമോടിച്ചാൽ എളുപ്പം പൊലീസ് പിടിയിലാകുമെങ്കിലും ആധുനിക മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് നിലവിൽ പരിമിതികളുണ്ട്. മയക്കുമരുന്ന് ഉൾപ്പെടെ വസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ പിടികൂടാൻ കഴിയുന്ന ആൽക്കോ സ്കാൻ ബസ് പൊലീസ് നിരത്തിലിറക്കിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്ത് മാത്രമാണ് നിലവിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsstudentsexcisedrug addicts
News Summary - A huge increase in the number of students who become drug addicts
Next Story