നാലാം ക്ലാസുകാരിയെ ട്യൂഷൻ അധ്യാപിക മർദിച്ചതായി പരാതി
text_fieldsനാലാം ക്ലാസുകാരിയെ ട്യൂഷൻ അധ്യാപിക മർദിച്ച പാടുകൾ
പരവൂർ: ട്യൂഷൻ അധ്യാപിക നാലാം ക്ലാസുകാരിയെ മർദനത്തിനിരയാക്കിയതായി പരാതി. പരവൂർ പൂതക്കുളം സ്വദേശിയായ നാലാം ക്ലാസുകാരിയെയാണ് പഠിച്ചില്ലെന്ന കാരണത്താൽ ചൂരൽ പ്രയോഗം നടത്തി പിൻകാൽ തുടയുൾപ്പെടെ അടിച്ചുപൊട്ടിച്ചത്. കോവിഡ് കാലമായതിനാൽ പഠനം ശരിയായ വിധത്തിൽ നടക്കാത്തതിനാൽ തൊട്ടയൽവാസിയുടെ വീട്ടിൽ പഠിക്കാനായി വിട്ടുവരികയായിരുന്നു. ഇവരുടെ എട്ടാം ക്ലാസുകാരിയായ മൂത്ത കുട്ടിയും നേരത്തേ അവിടെ പഠിക്കാൻ പോയിരുന്നു.
ഏതാനും ദിവസം മുമ്പ് കുട്ടി ട്യൂഷന് പോകാൻ മടി കാണിക്കുകയും പിൻഭാഗത്ത് വേദന അനുഭവപ്പെടുന്നതായും മാതാപിതാക്കളോട് പറഞ്ഞു. തുടർന്നു നടത്തിയ ദേഹപരിശോധനയിലാണ് അടിയുടെ പാടുകൾ കണ്ടത്. ചോദിച്ചപ്പോൾ ട്യൂഷൻ ടീച്ചർ മർദിച്ചതാണെന്ന് കുട്ടി പറയുകയായിരുന്നു. വിശദമായി ചോദിച്ചപ്പോൾ നിരന്തരം ടീച്ചർ മുറിയിൽ കയറ്റി വിവസ്ത്രയാക്കി മർദിക്കുമെന്നും കൂടാതെ, കുട്ടിയുടെ മൂത്ത സഹോദരിയുൾപ്പെടെയുള്ള മറ്റ് കുട്ടികളെക്കൊണ്ട് മർദിക്കുമെന്നും പറയുകയായിരുന്നു. വീട്ടിൽ പറഞ്ഞാൽ ചേച്ചിക്കുൾപ്പെടെ മർദനം തുടരുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. സംഭവത്തിൽ ശിശുക്ഷേമ സമിതിയിലും പരവൂർ പൊലീസിലും പരാതി നൽകിയതായി കുട്ടിയുടെ പിതാവ് പറഞ്ഞു.