നരബലി ഇരകളുടെ ആന്തരികാവയവങ്ങൾ എവിടെ? തെളിവുകളിൽ വിശദ പരിശോധന തുടങ്ങി
text_fieldsകൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായവരുടെ ആന്തരികാവയവങ്ങൾ പ്രതികൾ സൂക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണത്തിന് തീരുമാനം. കൊലക്ക് ശേഷം കഷണങ്ങളാക്കിയ ശരീരഭാഗങ്ങൾ കണ്ടെടുത്തപ്പോൾ ആന്തരികാവയവ ഭാഗങ്ങളിൽ ചിലത് ഉണ്ടായിരുന്നില്ല. ഇത് ബലിയുടെ ഭാഗമായി പ്രത്യേകം എടുത്ത് സൂക്ഷിച്ചതായാണ് പ്രതികൾ വെളിപ്പെടുത്തിയത്.
പൊലീസ് ഇത് പൂർണമായി മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതേസമയം, കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന അന്വേഷണസംഘം തുടങ്ങി. ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യംചെയ്യൽ ഞായറാഴ്ചയും തുടർന്നു. 40ലധികം തെളിവുകളാണ് ശനിയാഴ്ച ഇലന്തൂരിൽ ഭഗവൽ സിങ്ങിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഒരു പകൽ മുഴുവൻ നീണ്ട തെളിവെടുപ്പിനുശേഷം ഞായറാഴ്ച പുലർച്ചയോടെയാണ് മൂന്ന് പ്രതികളെയും കൊച്ചിയിൽ എത്തിച്ചത്.
ഞായറാഴ്ച രാവിലെ എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുപേരെയും വീണ്ടും ചോദ്യം ചെയ്തു. കൊലപാതകത്തിനായി ഉപയോഗിച്ച കയറും ആയുധങ്ങളും ഉൾപ്പെടെ പൊലീസ് ശേഖരിച്ച തെളിവുകൾ നിരത്തി ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് മിക്കവാറും പ്രതികൾ പ്രതികരിക്കുന്നത്. തിങ്കളാഴ്ച ഒറ്റക്കും ഒരുമിച്ചും ഇരുത്തി വിശദമായ ചോദ്യം ചെയ്യലിനാണ് പൊലീസിന്റെ ആലോചന. തെളിവെടുപ്പും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

