പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഒന്നരലക്ഷം പിഴയും
text_fieldsകാസർകോട്: ബസിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. നെക്രാജെ ഗ്രാമത്തിലെ ചന്ദ്രൻപാറയിലെ ഷംസുദ്ദീ (53)നെയാണ് കാസർകോട് അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി അധികതടവും അനുഭവിക്കണം. വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വിദ്യാനഗർ എസ്.ഐയായിരുന്ന യു.പി. വിപിനാണ്. 2019 ഡിസംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.
കാസർകോടുനിന്ന് മുള്ളേരിയയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.

