ദേവസ്വം ബോർഡിലടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസ്: ഒരാൾകൂടി അറസ്റ്റിൽ
text_fieldsമാവേലിക്കര: ദേവസ്വം ബോർഡിലടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളിൽ ഒരാൾകൂടി അറസ്റ്റിലായതോടെ കേസ് നിർണായക ഘട്ടത്തിൽ. ചെട്ടികുളങ്ങര ഈരേഴ വടക്ക് ചാക്കര കിഴക്കതിൽ ദീപു ത്യാഗരാജനാണ് (39) കഴിഞ്ഞ ദിവസം രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കി ദീപു ഒമാനിലേക്ക് കടന്നിരുന്നു. തുടർന്ന് ദീപുവിനെതിരെ ലുക്കൗട്ട്, ബ്ലൂ കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചു. തുടർന്ന് നാട്ടിലേക്കു തിരിച്ച ദീപുവിനെ നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതർ തടഞ്ഞുവെച്ചു. ഈ കേസിൽ മുമ്പ് അറസ്റ്റിലായ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ട കടവിൽ വി. വിനീഷ് രാജന്റെ (32) സുഹൃത്തായ ദീപു ത്യാഗരാജനാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും വ്യാജരേഖകൾ തയാറാക്കിയതിൽ ദീപുവിനു പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ദീപുവിനെ പിടികൂടിയതോടെ കേസിൽ മൊത്തം 14 പേർ അറസ്റ്റിലായിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പില്‍ പ്രതികള്‍ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരായ വര്‍ഗീസ്, ഗോപാലകൃഷ്ണന്, ഹക്കീം എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നൂറിലധികം പേരില്‍നിന്ന് നാലുകോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്.

