10 ദലിതരെ വെടിവെച്ചു കൊന്ന കേസിൽ 90കാരന് ജീവപര്യന്തം; കേസിന് 42 വർഷം പഴക്കം
text_fieldsലഖ്നോ: 42 വർഷം മുമ്പ് 10 ദലിതരെ കൊലപ്പെടുത്തിയ കേസിൽ 90 വയസുകാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഫിറോസാബാദ് ജില്ലാ കോടതി. പ്രതിയായ ഗംഗ ദയാൽ 55,000 രൂപ പിഴയടക്കണമെന്നും നിർദേശിച്ചു. പിഴ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതി 13 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
1981ൽ സദുപൂർ ഗ്രാമത്തിലെ ഷികോഹബാദിലാണ് കേസിനാസ്പദ സംഭവം നടന്നത്. ജാതീയമായി വേർതിരിവ് കാണിക്കുന്നു എന്നാരോപിച്ച് ഒരു കൂട്ടം ദലിത് ഗ്രാമീണർ റേഷൻ കടക്കാരന് എതിരെ പരാതി നൽകിയതിന്റെ പ്രതികാരമായാണ് 10 ദലിതരെ കൊലപ്പെടുത്തിയത്. ഇവർക്കെതിരെ റേഷൻ കടക്കാരനും സഹായികളായെത്തിയ ഒമ്പതു പേരും വെടിയുതിർക്കുകയായിരുന്നു. ഒമ്പതു പേരും കേസിന്റെ വിചാരണക്കിടെ മരിച്ചു. കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ച റെയിൽവേ ഉദ്യോഗസ്ഥനാണ് പൊലീസിനെ അറിയിച്ചത്.
സംഭവത്തിൽ പൊലീസ് കേസെടുക്കുകയും 10 പേർ പ്രതികളാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിന് ശേഷം പത്ത് പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വിചാരണ ആദ്യം മെയിൻപുരിയിലാണ് നടന്നത്. പിന്നീട് ഫിറോസാബാദിനെ പ്രത്യേക ജില്ലയായി വിഭജിച്ചതിന് ശേഷം കേസ് ഫിറോസാബാദിലെ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
കുറ്റാരോപിതരായ മറ്റ് ഒമ്പതുപേർക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ ശിക്ഷ ലഭിക്കണമെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. കൂട്ടക്കൊലപാതകം നടക്കുമ്പോൾ ഷികോഹാബാദ് പൊലീസ് സ്റ്റേഷൻ മെയിൻപുരി ജില്ലയിലായിരുന്നു. പിന്നീട് 1989ൽ പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചതിന് ശേഷം ഇത് ഫിറോസാബാദുമായി ലയിച്ചു.
ഗംഗ ദയാലിന് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

