80 ലക്ഷത്തിന്റെ കുഴൽപണ കവർച്ച: ആലപ്പുഴ സ്വദേശികളായ രണ്ടുപേർ കൂടി പിടിയിൽ
text_fieldsഅജി ജോൺസൺ, രഞ്ജിത്ത്
മലപ്പുറം: കോഡൂരിൽ വാഹനം തട്ടിക്കൊണ്ടുപോയി 80 ലക്ഷത്തിന്റെ കുഴൽപണം കവർന്ന സംഘത്തിലെ രണ്ടുപേർ കൂടി പിടിയിലായി. ആലപ്പുഴ മുതുകുളം സ്വദേശികളായ വെള്ളശ്ശേരി മണ്ണൽ വീട്ടിൽ അജി ജോൺസൺ (32), 'രമ്യഭവനം' വീട്ടിൽ രഞ്ജിത്ത് (26) എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നവംബർ 26ന് നാല് വാഹനങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയാണ് കുഴൽപണം കടത്തുകയായിരുന്ന വാഹനം തട്ടിക്കൊണ്ടുപോയി പണം കവർന്നത്. അജി ജോൺസൺ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിലായി മൂന്ന് വധശ്രമമടക്കം 15ഓളം കേസുകളിലെ പ്രതിയാണ്. ഇയാൾ അടുത്തിടെ ചില തമിഴ് പടങ്ങളിൽ അഭിനയിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. രഞ്ജിത്തും വധശ്രമം, വാഹനം മോഷണം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. തൃശൂർ ഒല്ലൂരിൽ ഒരുകോടി കവർന്ന സംഭവത്തിൽ ജയിലിലായ പ്രതികളും വധശ്രമത്തിന് പിടിയിലായ അജി ജോൺസണും ജയിലിൽ കിടക്കുന്ന സമയത്താണ് കവർച്ച ആസൂത്രണം ചെയ്തത്. അജി ജോൺസണിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽനിന്നുള്ള അഞ്ചംഗ സംഘമാണ് എത്തിയത്.
സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സതീഷ്, മങ്കട ബിജേഷ്, തിരൂരങ്ങാടിയിലെ നൗഷാദ്, മുസ്തഫ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കവർച്ചക്ക് നേതൃത്വം നൽകിയ സംഘത്തലവൻ നിലമ്പൂർ സ്വദേശി സിറിൽ മാത്യു ഉൾപ്പെടെ മുഴുവൻ പ്രതികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ കസ്റ്റഡിയിൽ വാങ്ങും. എസ്.ഐ അമീറലി, ഗിരീഷ് പി. സഞ്ജീവ്, പി. സലീം, കെ. ദിനേശ്, ആർ. ഷഹേഷ്, സി. രജീഷ് ജസീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.