70കാരിയെ നിലത്തേക്ക് പിടിച്ചു തള്ളി തറയിലിട്ട് ചവിട്ടി മരുമകൾ; മകനും മർദനം -കേസെടുത്ത് പൊലീസ്
text_fieldsഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ 70 വയസുള്ള ഭർതൃ മാതാവിനെ മരുമകൾ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 70കാരിയെ നിലത്തേക്ക് വലിച്ചുതള്ളി തലയിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവരുടെ മകനെ മരുമകളുടെ പിതാവും സഹോദരനും മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം നടന്ന് നാലുദിവസത്തിനു ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
70 വയസുള്ള സരള ബത്ര മകന്റെയും കുടുംബത്തിന്റെയും കൂടെയാണ് താമസം. സരളയുടെ ഭർത്താവ് നാലുവർഷം മുമ്പ് മരിച്ചു. ഇവരുടെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാൻ മരുമകൾ നീലിക പലപ്പോഴായി ശ്രമം നടത്തുകയാണ്.
ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും വീട്ടിൽ വഴക്കുണ്ടാകും. ഒരു ദിവസം ഉച്ചക്ക് പതിവ് നിസ്സാരമായ എന്തോ പ്രശ്നം പറഞ്ഞ് നീലിക വഴക്ക് തുടങ്ങി. പിന്നാലെ സരളയെ മർദിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പ്രശ്നത്തിൽ ഇടപെടാൻ മകൻ വിശാൽ ശ്രമിച്ചു. തുടർന്ന് നീലിക തന്റെ പിതാവ് സുരേന്ദ്ര കോഹ്‍ലിയെയും സഹോദരൻ നാനാക് കോഹ്‍ലിയെയും സഹായത്തിനായി ഫോണിൽ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സുരേന്ദ്ര കോഹ്‍ലിയും കുറച്ചു പേരും വീടിനകത്തേക്ക് കയറി. അവർ വിശാലിനെയും സരളയെയും അധിക്ഷേപിക്കാൻ തുടങ്ങി. പിന്നാലെ വിശാലിനെ മർദിക്കുകയും ചെയ്തു. സരള മകനെ രക്ഷിക്കാൻ ശ്രമിച്ചു. തുടർന്ന് നീലിക അവരെ ക്രൂരമായി മർദിക്കുകയായിരുന്നു. സരളയെ നീലിക നിലത്തേക്ക് തള്ളിയിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമായി കാണാം. തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വഴക്കിനിടയിൽ ഇവർ പരസ്പരം കൊല്ലുമെന്നും ഭീഷണി മുഴക്കുന്നുണ്ട്.
വഴക്കിന് ശേഷം സരളയും വിശാലും ഇന്ദർഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ നീലികയും സംഘവും അതിനു മുമ്പേ അവിടെ എത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കാണാതെ കേസെടുക്കാൻ പൊലീസ് ആദ്യം വിസമ്മതിച്ചു. നാലുദിവസം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടാക്കാത്തതിനെ തുടർന്ന് അമ്മയും മകനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു. അതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

