
പ്രതികളിലേക്ക് സൂചന നൽകി അഴുകിയ ജഡത്തിലെ 'ടാറ്റു'; ഭാര്യയും കാമുകനുമടക്കം ഏഴുപേർ കസ്റ്റഡിയിൽ
text_fields ഡൽഹി: രാജ്യ തലസ്ഥാന നഗരത്തിെല അഴുക്കുചാലിൽ പൊങ്ങിക്കിടന്ന പെട്ടിയിൽ കിടന്ന മൃതദേഹം ബാക്കിവെച്ചത് നിർണായക തെളിവ്. ഇതിനു പിന്നാലെ പോയ പൊലീസ് ചുരുളഴിച്ചത് അതിരഹസ്യമായി നടത്തിയ ദാരുണ കൊലപാതകം.
ന്യൂ ഡൽഹി സുഖ്ദേവ് വിഹാറിൽ ന്യൂ ഫ്രണ്ട്സ് കോളനി ഭാഗത്തെ അഴുക്കുചാലിലാണ് വലിയ സ്യൂട്ട്കേസ് പൊങ്ങിക്കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുറന്നു പരിശോധിച്ചപ്പോൾ 35 വയസ്സു തോന്നിക്കുന്ന യുവാവിന്‍റെ അഴുകിയ ജഡമാണെന്ന് തിരിച്ചറിഞ്ഞു. പഴക്കമുള്ളതിനാൽ തിരിച്ചറിയാൻ പോലും പ്രയാസം നേരിടുമായിരുന്നിടത്ത് നിർണായക തെളിവായി കൈകളിെലാരിടത്ത് 'നവീൻ' എന്ന് പേരു പച്ചകുത്തിയിരുന്നു.
അന്വേഷണവുമായി ഇറങ്ങിയ പൊലീസിന് ദക്ഷിണ ഡൽഹിയിൽ നവീൻ എന്നയാളെ കാണാനില്ലെന്ന പരാതി ലഭിച്ചതായി കണ്ടെത്തി. ആഗസ്റ്റ് എട്ടുമുതൽ ഇയാളെ കാണാനില്ലെന്നായിരുന്നു പരാതി.
പരാതി നൽകിയ ഭാര്യ ആഗസ്റ്റ് 11 മുതൽ വാടക വീട് ഉപേക്ഷിച്ച് സ്ഥലം വിട്ടതായി പൊലീസ് തിരിച്ചറിഞ്ഞു. ഖാൻപൂരിൽ മാതാവിനും രണ്ടു വയസ്സുള്ള മകൾക്കുമൊപ്പം താമസിച്ചുവന്ന ഭാര്യ തുടക്കത്തിൽ എല്ലാം നിഷേധിച്ചെങ്കിലും പിന്നീട് കാമുകനൊപ്പം കൃത്യം നടത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. ആഗസ്റ്റ് ഏഴിന് ഭർത്താവുമായി കലഹമുണ്ടായിരുന്നതായും ഇടിയേറ്റ് ചികിത്സ തേടി ആശുപത്രിയിൽ പോയ സമയത്ത് ഭർത്താവ് നാടുവിടുകയായിരുന്നുവെന്നുമാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കൂടുതൽ ചോദ്യം ചെയ്യലിൽ കാമുകന്‍റെ സാന്നിധ്യം യുവതി സമ്മതിച്ചു. ഇവർ തമ്മിൽ സംഘട്ടനമുണ്ടായതായും പറഞ്ഞു. പിന്നീടാണ് കൊലപാതകം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. കാമുകൻ ജമാലിന്‍റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ച് വിവരങ്ങൾ ഉറപ്പുവരുത്തിയതായും പൊലീസ് അറിയിച്ചു. ജമാലിന്‍റെ സുഹൃത്തുക്കളായ വിവേക്, കൊസ്ലേന്ദ്ര തുടങ്ങിയവർ ചേർന്നാണ് കൊലപാതകം നടത്തിയിരുന്നത്. മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് കൊണ്ടുപോകാൻ സഹായിച്ച ഒാട്ടോ ഡ്രൈവർ വിശാൽ ഉൾപെടെ ഏഴുപേരെയാണ് അറസ്റ്റ് െചയ്തത്.