സ്ഥലം വാടകക്ക് നൽകാമെന്ന് പറഞ്ഞ് 55 ലക്ഷം തട്ടി; മുഖ്യപ്രതി അറസ്റ്റിൽ
text_fieldsശ്രീവിദ്യ
കാഞ്ഞങ്ങാട്: കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലം വാടകക്ക് നല്‍കാമെന്ന് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിരത്തിനടുത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ശ്രീവിദ്യയാണ് (47) അറസ്റ്റിലായത്.
കേസിലെ മറ്റൊരു പ്രതി സുള്ള്യ ആലട്ടി ആലന്തൂര്‍ കല്ലുചേപ്പുവിലെ മുഹമ്മദ് അന്‍വറിനെ (51) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാനത്തൂരിലെ രാജേഷിെൻറ പരാതിയിലാണ് കേസെടുത്തത്. കര്‍ണാടകയില്‍ 750 ഏക്കര്‍ സ്ഥലമുണ്ടെന്നും ഒന്നേക്കാല്‍ കോടി രൂപക്ക് വില്‍ക്കുന്നുണ്ടെന്നും 55 ലക്ഷം രൂപക്ക് ലീസിന് ലഭിക്കുമെന്നും ഒരു ബ്രോക്കര്‍ മുഖേനയാണ് രാജേഷിനെ അറിയിച്ചത്. പിന്നീടാണ് അന്‍വറിനെ പരിചയപ്പെടുത്തിയത്.
നാട്ടിലുള്ള സ്ഥലം പണയപ്പെടുത്തിയും സുഹൃത്തുക്കളായ രാജീവന്, ശ്രീധരന് എന്നിവരില്‍നിന്നും കടംവാങ്ങിയുമാണ് രാജേഷ് 55 ലക്ഷം രൂപ നല്‍കിയത്. 25 ലക്ഷം രൂപ അന്വറിെൻറ സുള്ള്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും 30 ലക്ഷം രൂപ ശ്രീവിദ്യക്ക് കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
എസ്.ഐ ടി. സുധാകരന് ആചാരി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ചന്ദ്രന്, അജയ് വില്‍സണ്‍, അഖില എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.