കർണാടകയിൽ വൻ സ്വർണ കവർച്ച; കാനറ ബാങ്കിൻറെ ശാഖയിൽ നിന്ന് കവർന്നത് 52 കോടിയുടെ സ്വർണം
text_fieldsബംഗളൂരു: രാജ്യത്തെതന്നെ ഏറ്റവും വലിയ കവർച്ചാ കേസുകളിലൊന്നായി കർണാടകയിലെ യൂണിയൻ ബാങ്ക് ശാഖയിലെ സ്വർണകവർച്ച. വിജയപുര ജില്ലയിലെ മണാഗുലി ബാങ്ക് ശാഖയിൽ നിന്ന് 52 കോടി രൂപയുടെ സ്വർണമാണ് മോഷണം പോയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കവർച്ചാ വിവരം പുറത്തു വരുന്നത്.
കവർച്ച നടന്നത് മെയ് 23നാണെങ്കിലും ബാങ്ക് അവധി കഴിഞ്ഞ് 26ന് ജീവനക്കാരൻ ജോലിക്കെത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മോഷ്ടിച്ച സ്വർണം കടത്തിയതിനെക്കുറിച്ച് ഇതുവരെ പൊലീസിന് തുമ്പൊന്നും കണ്ടെത്താനായില്ല.
മെയ് 23ന് വൈകുന്നേരം 6 മണിക്കും 25ന് രാവിലെ 11.30 നും ഇടയ്ക്കാണ് കവർച്ച നടന്നിരിക്കുന്നതെന്നും ആറു മുതൽ എട്ടു വരെ പേർക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും വിജയപുര പൊലീസ് മേധാവി ലഷ്മൺ നിംബാർഗി പറഞ്ഞു. ഒരാഴ്ചയോളം ആസൂത്രണം ചെയ്താണ് പ്രതികൾ മോഷണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാജ താക്കോലുപയോഗിച്ച് ബാങ്ക് തുറന്ന പ്രതികൾ സെക്യൂരിറ്റി അലാമും സി.സി.ടി.വി കാമറകളും ഓഫ് ചെയ്താണ് മോഷണം നടത്തിയത്. മോഷണത്തിനുശേഷം ഒരു കറുത്ത പാവയെ പ്രതികൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഇത് മോഷണത്തിൻറെ ഭാഗമായി പ്രതികൾ എന്തെങ്കിലും ആഭിചാര ക്രിയകൾ ചെയ്തിരുന്നതായി സംശയം ജനിപ്പിക്കുന്നുണ്ട്. കർണാടകയിൽ ഇതാദ്യമായല്ല വലിയ സ്വർണ കവർച്ച നടക്കുന്നത്. കഴിഞ്ഞ വർഷം എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് 13 കോടിയുടെ സ്വർണാഭരണങ്ങൾ കവർന്നിരുന്നു. ഇതിൽ ആറുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

