അപകടത്തിൽപ്പെട്ട മിനിലോറിയിൽനിന്ന് അരക്കോടിയുടെ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി
text_fieldsമതിലകം: ദേശീയപാതയിൽ അപകടത്തിൽപ്പെട്ട മിനിലോറിയിൽനിന്ന് അരക്കോടി രൂപയുടെ ലഹരി പദാർഥങ്ങൾ പിടികൂടി. മതിലകം സി.കെ വളവിൽ വെള്ളിയാഴ്ച പുലർച്ച രണ്ടിന് നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനത്തിൽനിന്നാണ് ഒരു ലോഡ് പാൻമസാല കണ്ടെത്തിയത്. അപകടം സംഭവിച്ച ഉടൻ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു.
പൊലീസിന് സംശയം തോന്നിയതോടെ ലോറി സ്റ്റേഷനിൽ കൊണ്ടുവന്ന് പരിശോധിക്കുകയായിരുന്നു. ചാക്കുകൾ നിറച്ച ലോറിയിൽ മേലെ അരിയുടെയും പഞ്ചസാരയുടെയും ചാക്കുകളായിരുന്നു. അടുത്ത അട്ടി മുതലാണ് വിവിധ ബ്രാൻഡുകളിലുള്ള നൂറോളം ചാക്ക് പാൻമസാല കണ്ടെത്തിയത്. മുകളിലത്തെ അട്ടിയിൽ 11 ചാക്ക് പഞ്ചസാരയും 21 ചാക്ക് അരിയുമാണ് ഉണ്ടായിരുന്നത്.
പൊള്ളാച്ചിയിൽനിന്ന് പെരുമ്പാവൂരിലേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്. വിദേശത്തേക്ക് കടത്താനാണ് പാൻമസാല കൊണ്ടുവന്നതെന്നും സംശയമുണ്ട്. കുന്നംകുളം സ്വദേശിയുടെതാണ് മിനിലോറി. വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് വാഹനം മേൽവാടകക്ക് കൊടുത്തതാണെന്ന് മതിലകം സ്റ്റേഷനിലെത്തിയ ഉടമ പറയുന്നു.
91,433 പാക്കറ്റ് ലഹരി പദാർഥങ്ങളാണ് പിടിച്ചെടുത്തത്. മൂന്ന് പേർക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. വാഹനം ഓടിച്ചിരുന്ന വെളിയങ്കോട് തവളകുളം പന്നക്കാട് മുഹമ്മദ് ജസീബ് (32), ക്ലീനർ, വാഹന ഉടമ കുന്നംകുളം ചൂണ്ടൽ പുതുശ്ശേരി കണ്ണോത്ത് പ്രസാദ് (38) എന്നിവർക്കെതിരെയാണ് കേസ്. വാഹനവും പുകയില ഉൽപ്പന്നങ്ങളും സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. മതിലകം ഇൻസ്പെക്ടർ ടി.കെ. ഷൈജു, എസ്.ഐ വി.വി. വിമൽ, എ.എസ്.ഐമാരായ പ്രദീപ്, ഷൈജു, സി.പി.ഒമാരായ സൈഫുദ്ദീൻ, വിപീഷ്, ആന്റണി തുടങ്ങിയവർ മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

