കണ്ണൂർ കൊയിലി ആശുപത്രി ഉടമയുടെ മകന്റെ കൊലപാതകം: അഞ്ചു പേർ അറസ്റ്റിൽ
text_fields കൊല്ലപ്പെട്ട പ്രദീപ്
മംഗളൂരു: കണ്ണൂർ സ്വദേശിയായ കാപ്പിത്തോട്ടം ഉടമ കുടകിൽ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകൻ പ്രദീപ് (60) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഷോർട്ട് ഫിലിം സംവിധായകനും നടനുമായ എൻ.എസ്. അനിൽ (25), പൊന്നമ്പേട്ട് താലൂക്കിലെ നല്ലുരു ഗ്രാമത്തിൽ നിന്നുള്ള ടി.എസ്.ഹരീഷ് (29), അബ്ബുരുക്കട്ടെ ഗ്രാമത്തിൽ നിന്നുള്ള സി.ദീപക് (21), നെരുഗലലെ ഗ്രാമത്തിൽ നിന്നുള്ള സ്റ്റെഫൻ ഡിസൂസ (26), സോമവാർപേട്ട് താലൂക്കിലെ ഹിതലമക്കി ഗ്രാമത്തിൽ നിന്നുള്ള എച്ച്.എം.കാർത്തിക് (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 23 ന് കൊങ്കണ ഗ്രാമത്തിലെ വീട്ടിലാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദീപ് ഷെട്ടിഗേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തന്റെ തോട്ടത്തിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. വീട്ടിൽ നൈലോൺ കയർ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. നാടിനെ നടുക്കിയ കൊലപാതകം 12 അംഗ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ തീവ്രമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് രാമരാജൻ പറഞ്ഞു. അറസ്റ്റിലായ അഞ്ച് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടതായി അദ്ദേഹം അറിയിച്ചു.
കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: വിവാഹാലോചന പരാജയപ്പെട്ടതിനെത്തുടർന്ന് മുഖ്യപ്രതിയായ അനിൽ സമ്മർദ്ദത്തിലായിരുന്നു. വിവാഹ ചർച്ചകൾക്കിടയിൽ തൊഴിലോ സ്വത്തുക്കളോ ഇല്ലാത്തതിനാൽ പ്രതിശ്രുത വധുവിന്റെ കുടുംബം പിറകോട്ടടിച്ചേക്കുമെന്ന അവസ്ഥയുണ്ടായി. വേഗത്തിൽ സമ്പത്ത് സമ്പാദിക്കാനുള്ള ശ്രമത്തിലായിരുന്നു അനിൽ.
അനിൽ മുമ്പ് തട്ടിപ്പുകേസുകളിൽ പ്രതിയാണ്. ബംഗളൂരു, ഹാസൻ, പൊന്നംപേട്ട് എന്നിവിടങ്ങളിൽ നിരവധി പേരെ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ സഹായിക്കാമെന്ന് അവകാശപ്പെട്ട് മുമ്പ് കബളിപ്പിച്ചിട്ടുണ്ട്. തിത്തിമതി, കൊണനകട്ടെ, സമീപ ഗ്രാമങ്ങൾ എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എസ്റ്റേറ്റ് വാങ്ങാൻ താൽപ്പര്യമുള്ള വിദേശികളെ പ്രതിനിധാനം ചെയ്യുന്നതായി നടിച്ച് അനിൽ, പ്രദീപ് കൊയിലിയെ സമീപിച്ചു. വിശ്വാസം നേടുന്നതിനായി ഒരു ലക്ഷം രൂപ മുൻകൂർ നൽകുകയും ചെയ്തിരുന്നു.
പ്രദീപിന്റെ മൃതദേഹം കുഴിച്ചിട്ട കൊലപാതകി സംഘം നിരീക്ഷണ കാമറകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ പ്രദീപിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചതായി പറയപ്പെടുന്ന 13 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. രണ്ട് മോട്ടോർ സൈക്കിളുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, എസ്റ്റേറ്റ് സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും അവർ പിടിച്ചെടുത്തു.
അവിവാഹിതനായ പ്രദീപിന് കർണ്ണാടകയില്‍ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ടായിരുന്നു. വര്‍ഷങ്ങളായി കൃഷിയുമായി ബന്ധപ്പെട്ട് വീരാജ്‌പേട്ട കേന്ദ്രീകരിച്ചാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

