
22കാരിയായി ചമഞ്ഞ് കോളജിൽ ചേർന്നു, വിദ്യാഭ്യാസ വായ്പ തട്ടി, കാമുകൻമാരുമായി ഡേറ്റിങ്ങും -48കാരി അറസ്റ്റിൽ
text_fieldsന്യൂയോർക്ക്: രണ്ടുവർഷത്തോളം 22കാരിയായ മകളായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 48കാരി അറസ്റ്റിൽ. 22കാരിയായ സ്വന്തം മകളുടെ പേരിൽ കോളജിൽ േചരുകയും വിദ്യാഭ്യാസ വായ്പയും ൈഡ്രവിങ് ലൈസൻസും തരപ്പെടുത്തുകയും യുവാവുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു 48കാരി.
മകളുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി ലോറ ഓഗ്ലെസ്ബി കുറ്റസമ്മതം നടത്തി. 2016ൽ മകൾ ലോറൻ ആഷ്ലീ ഹെയ്സിന്റെ പേരിൽ ഒരു സോഷ്യൽ സെക്യൂരിറ്റി കാർഡിന് അവർ അപേക്ഷിച്ചിരുന്നു. മിസോറി ഡ്രൈവിങ് ലൈസൻസും അവർ നേടിയിരുന്നു.
2017ൽ സൗത്ത് വെസ്റ്റ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിൽ മകളുടെ ഐഡന്‍റിറ്റി ഉപയോഗിച്ച് എൻറോൾ ചെയ്യുകയും ചെയ്തു. തുടർന്ന് വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിച്ചു.
ഫെഡൽ വിദ്യാഭ്യാസ വായ്പയായി 7.12 ലക്ഷം, പെൽ ഗ്രാൻ്സായി 4.48 ലക്ഷം, യൂണിവേഴ്സിറ്റി ബുക്ക് സ്റ്റോറിൽനിന്ന് പുസ്തകങ്ങൾ വാങ്ങാനായി 25,500 രൂപയും മറ്റു സാമ്പത്തിക ചെലവുകൾക്ക് 1.41 ലക്ഷവും അവർ തട്ടിയെടുത്തു.
മിസോറിലേക്ക് പോകുന്നതിന് മുമ്പ് മകൾക്കൊപ്പം അർക്കൻസസിലായിരുന്നു ലോറയുടെ താമസം. പിന്നീട് മകളുമായി ലോറ ബന്ധം പുലർത്തിയിരുന്നില്ല. ലോറ 22കാരിയാണെന്നാണ് മൗണ്ടൻ വ്യൂ വാസികളും വിശ്വസിച്ചിരുന്നത്. ഇതേ തുടർന്ന് പ്രദേശത്തെ ഒരു ലൈബ്രറിയിൽ ജോലിയും തരപ്പെടുത്തിയിരുന്നു.
'എല്ലാവരും അവർ പറയുന്നത് വിശ്വസിച്ചു. അവൾക്ക് 22 വയസാണെന്ന് വിശ്വസിച്ച കാമുകൻമാരും ഉണ്ടായിരുന്നു' -മൗണ്ടൻ വ്യൂ പൊലീസ് ചീഫ് ജാമീ പെർകിൻസ് പറഞ്ഞു.
തട്ടിപ്പിന് ശിക്ഷയായി യൂണിവേഴ്സിറ്റിക്കും മകൾക്കും ലോറ നഷ്ടപരിഹാരം നൽകണം. കൂടാതെ അഞ്ചുവർഷത്തെ ജയിൽ ശിക്ഷയും അനുഭവിക്കണം.