ഡെലിവറി ഏജന്റിനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമം; സർക്കാർ ആയുർവേദ ഡോക്ടർ അറസ്റ്റിൽ
text_fieldsഗുർഗാവോൺ: ഹയാത്പൂർ ഗ്രാമത്തിൽ ഒരു ഡെലിവറി ഏജന്റിനെ വണ്ടിയിടിച്ചു കയറ്റി കൊല്ലാൻ ശ്രമിച്ചതിന് 41കാരനായ സർക്കാർ ആയുർവേദ ഡോക്ടറെ കൊലപാതകശ്രമം ചുമത്തി അറസ്റ്റ് ചെയ്തു. സ്വിഗ്ഗി ഡെലിവറി റൈഡറുടെ ദേഹത്തേക്ക് തന്റെ എസ്.യു.വി നിരവധി തവണ ഇടിച്ചുകയറ്റിയ ബി.എ.എം.എസ് ഡോക്ടർ നവീൻ ആണ് അറസ്റ്റിലായത്.
റെവാരി ജില്ലയിലെ ചാന്ദ്പൂർ കി ഡാനി നിവാസിയായ ടിങ്കുവിനെ (43)യാണ് ഇയാൾ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. ഞായറാഴ്ച രാത്രി 10.30 ഓടെ ഹയാത്പൂരിലെ ഒരു സ്വിഗ്ഗി വെയർഹൗസിന് സമീപമാണ് സംഭവം. ടിങ്കു തന്റെ മോട്ടോർ സൈക്കിളുമായി വെയർഹൗസിന് പുറത്ത് നിൽക്കുമ്പോൾ സൈറൺ ഘടിപ്പിച്ച കറുത്ത സ്കോർപിയോ നവീൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഹയാത്പൂർ ഗ്രാമത്തിൽ താമസിക്കുന്ന നവീൻ ദൗലത്താബാദിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ട്വിങ്കു ഭഗത് സിങ് കോളനിയിലെ തന്റെ വസതിക്ക് സമീപമുള്ള ഇടുങ്ങിയ പാതയിൽ തന്റെ മോട്ടോർ സൈക്കിൾ ഇടയ്ക്കിടെ പാർക്ക് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് തന്റെ വാഹനം പുറത്തെടുക്കുമ്പോൾ അസൗകര്യമുണ്ടാക്കിയിരുന്നതായും നവീൻ പൊലീസിനോട് പറഞ്ഞു. അത് മനസിൽ വെച്ചാണ് ഇയാൾ ആക്രമണത്തിന് തുനിഞ്ഞത്.
സംഭവങ്ങളെല്ലാം പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സ്കോർപിയോ സൈറൺ മുഴക്കി സ്ഥലത്തെത്തി ട്വിങ്കുവിന്റെ മോട്ടോർ സൈക്കിളിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ ട്വിങ്കു റോഡിലേക്ക് തെറിച്ചുവീണും. മറ്റുചില ഡെലിവറി ഏജന്റുകൾ ദൂരെ നിന്ന് സംഭവം മൊബൈൽ ഫോണുകളിൽ പകർത്താൻ ശ്രമിക്കുന്നതും കാണാം. നവീൻ അമിത വേഗതയിൽ വാഹനമോടിക്കുന്നതും ട്വിങ്കുവിനെ ഇടിക്കുന്നതും പിന്നീട് വാഹനം പിന്നോട്ട് നീക്കുന്നതും തുടർന്ന് മുന്നോട്ട് നീങ്ങി വീണ്ടും ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡെലിവറി ഏജന്റിനെ മൂന്ന് നാല് തവണ ഇടിച്ചു വീഴ്ത്തി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയാണ് ഇയാൾ.
നവീൻ തന്റെ വാഹനം അമിത വേഗത്തിൽ ഓടിക്കുകയും ട്വിങ്കുവിന്റെ മോട്ടോർ ബൈക്കിൽ ഇടിക്കുകയും വണ്ടിക്ക് കൂടുതൽ കേടുപാടുകൾവരുത്താനായി ശ്രമിക്കുന്നതും മറ്റൊരു സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ട്വിങ്കുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നവീനെതിരെ പൊലീസ് കേസെടുത്തത്. നവീന്റെ വീട്ടിൽ നിന്ന് പൊലീസ് എസ്.യു.വി പിടിച്ചെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

