അടച്ചിട്ട വീട്ടിൽനിന്ന് 40,000 രൂപയും ഒന്നരപ്പവന്റെ ആഭരണങ്ങളും കവർന്നു
text_fieldsജാനകി മന്ദിരത്തിലെ അലമാര കുത്തി തുറന്ന മോഷ്ടാവ്
സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്നു
മാവേലിക്കര: അടച്ചിട്ട വീട്ടിൽനിന്ന് 40,000 രൂപയും ഒന്നരപ്പവന്റെ സ്വർണാഭരണങ്ങളും മോഷണംപോയി. കോട്ടയ്ക്കകം ജാനകിമന്ദിരം രവികുമാറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം വെളുപ്പിന് മോഷണം നടന്നത്. ഹൈദരാബാദിൽ മകളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻപോയ കുടുംബം തിങ്കളാഴ്ച ഉച്ചക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ താഴ് തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ടു. വീടിനുള്ളിൽ സ്ഥാപിച്ച കാമറയിൽ മോഷ്ടാവിന്റെ അവ്യക്തമായ ദൃശ്യമുണ്ട്.
കാമറ ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് ഇത് ഓഫ്ചെയ്ത ശേഷമാണ് മോഷണം നടത്തിയത്. സമീപത്തുതന്നെ താമസമില്ലാത്ത കോട്ടയ്ക്കകം പായിക്കാട്ട് പി.എ. അയ്യപ്പന്റെ വീട്ടിലും മോഷ്ടാക്കൾ കയറിയിട്ടുണ്ട്. മുൻവശത്തെ വാതിൽ തകർത്താണ് അകത്തുകടന്നത്. മൂന്ന് അലമാരകളും കുത്തിത്തുറന്ന് നശിപ്പിച്ചു. ഇവിടെനിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പായിക്കാട്ട് വീട്ടിൽ ഒന്നരയോടെ എത്തിയ മോഷ്ടാവ് 2.30ന് തിരികെയെത്തി വാതിൽ പൊളിക്കുകയായിരുന്നു. കാമറയിൽ മോഷ്ടാവ് എത്തിയതിന്റെ ദൃശ്യം കണ്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന വീട്ടുകാരാണ് പൊലീസിനെ ഫോണിൽ വിവരം അറിയിച്ചത്.
കഴിഞ്ഞയാഴ്ച തഴക്കര, വഴുവാടി പ്രദേശങ്ങളിലെ വീടുകളിൽ മോഷണവും മോഷണശ്രമവും നടന്നിരുന്നു. തഴക്കരയിലെ ഒരു വീട്ടിൽ കടന്ന മോഷ്ടാവ് 3000 രൂപയും അംഗൻവാടിയിൽനിന്ന് മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

