ഏഴ് വർഷത്തിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് 30 കുട്ടികളെ; ശിക്ഷ കാത്ത് കൊടുംകുറ്റവാളി
text_fieldsന്യൂഡൽഹി: 30 കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഡൽഹിയിൽ ജോലിക്കെത്തിയ ഉത്തർ പ്രദേശ് സ്വദേശി രവീന്ദ്ര കുമാർ ആണ് ഏഴ് വർഷത്തിനിടെ കൊടുംക്രൂരതകൾ നടത്തിയത്. ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2015ലാണ് ഇയാൾ അറസ്റ്റിലായത്. ശിക്ഷ രണ്ടാഴ്ചക്കകം വിധിക്കും.
2008ൽ പതിനെട്ടാം വയസ്സിൽ ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ നിന്നാണ് ജോലി തേടി രവീന്ദ്ര കുമാർ ഡൽഹിയിലെത്തിയത്. വൈകാതെ മയക്കുമരുന്നിനും അശ്ലീല വിഡിയോകൾക്കും അടിമയായി. പകൽ ജോലിക്ക് പോകുകയും വൈകീട്ട് മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്ന പ്രതി അർധരാത്രിയാണ് ചേരികളിലും നിർമാണ മേഖലകളിലും മറ്റും കിടക്കുന്ന കുട്ടികളെ തേടിയിറങ്ങിയിരുന്നത്. ഇങ്ങനെ 40 കിലോമീറ്റർ വരെ ചില ദിവസങ്ങളിൽ നടന്നിരുന്നതായി പൊലീസ് പറയുന്നു. ആറ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് ഇയാളുടെ ക്രൂരതക്കിരയായിരുന്നത്.
2015ൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്യുകയും കഴുത്തറുത്ത് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളുകയും ചെയ്ത കേസിലാണ് പിടിയിലായത്. നിരവധി സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടികളെ ജീവനോടെ വിട്ടാൽ പിടിയിലാകുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയിരുന്നത്. ഒരേ സ്ഥലത്ത് കുറ്റകൃത്യം ആവർത്തിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

