കൂട്ട് പൊലീസുമായി, ഗുണ്ട നേതാവ് അരുണ്‍ ഗോപനെതിരെ വധശ്രമം ഉൾപ്പെടെ 30 കേസ്
text_fieldsകോട്ടയം: ഡിവൈ.എസ്.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയ കോട്ടയത്തെ ഗുണ്ട നേതാവ് കുടമാളൂര്‍ മന്നത്തൂര്‍ അരുണ്‍ ഗോപനെതിരെയുള്ളത് കൊലപാതകമടക്കം 30 കേസ്. മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളാണ് ജില്ലയിലെ ഗുണ്ടപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രമുഖൻ.
പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ചില രാഷ്ട്രീയക്കാരുമായും ഇയാൾ അടുത്തബന്ധം പുലർത്തിയിരുന്നതായാണ് വിവരം. പൊലീസ് ഉദ്യോഗസ്ഥർക്കായി പണം വാരിയെറിഞ്ഞിരുന്ന ഗോപൻ, ഇതിലൂടെ പൊലീസിന്‍റെ പല നീക്കങ്ങളും മനസ്സിലാക്കിയിരുന്നതായും സൂചനയുണ്ട്. കഴിഞ്ഞ മേയിൽ ഹണി ട്രാപ് കേസിൽ അറസ്റ്റിലായ അരുൺ നിലവിൽ ജയിലിലാണ്. ഒന്നരവർഷത്തോളം ഒളിവിൽ കഴിഞ്ഞതിനൊടുവിലായിരുന്നു ഈ കേസിൽ അറസ്റ്റ്. പൊലീസ് തിരച്ചിൽ ശക്തമാക്കിയതോടെ കോട്ടയത്തുനിന്ന് മാറിയ ഇയാൾ മലബാർ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മേയിൽ മഞ്ചേരിയിൽനിന്നാണ് കോട്ടയം പൊലീസ് ഇയാളെ പിടികൂടുന്നത്. ഇയാൾക്ക് ഒളിവിൽ കഴിയാൻ പൊലീസിന്‍റെ സഹായം ലഭിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. ഇതിനുമുമ്പ് ജില്ലയിലെ ഒരു എസ്.ഐ, അരുൺ ഗോപന്‍ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തിന്‍റെ വിവരങ്ങൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.
എന്നാൽ, ചില ഉദ്യോഗസ്ഥർ ഇടപെട്ട് തിരച്ചിൽ നീക്കം തകർത്തു. ഒപ്പം വിവരം നൽകിയ ഉദ്യോസ്ഥന് ഇവർ താക്കീതും നൽകിയിരുന്നു. പിന്നീട് ഗുണ്ടകൾക്കെതിരെ കർശനനടപടി വേണമെന്ന് സർക്കാർ നിർദേശിച്ചതോടെയാണ് അരുൺ ഗോപനെ പിടികൂടാൻ ശ്രമം തുടങ്ങിയത്.
2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ് കേസിലായിരുന്നു അറസ്റ്റ്. ഇതിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മുഖ്യ സൂത്രധാരനായിരുന്നു അരുൺ ഗോപൻ. ഈ അറസ്റ്റാണ് ഇപ്പോഴത്തെ പൊലീസ്-ഗുണ്ട കൂട്ടുകെട്ടിലെ വിവരങ്ങൾ പുറത്തെത്താൻ ഇടയാക്കിയത്.
പൊലീസ് -ഗുണ്ട മാഫിയ കൂട്ടുകെട്ട് വീണ്ടും
കോട്ടയം: ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ട മാഫിയയുമായി ബന്ധമെന്ന കണ്ടെത്തല്‍ ജില്ലക്ക് പുതുമയല്ല. മാഫിയയുമായി ജില്ല പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം നേരത്തേയും പുറത്തുവന്നിരുന്നു. മണർകാട്ട് വൻ ചീട്ടുകളി സംഘം കുടുങ്ങിയതിനു പിന്നാലെ ഇവരുമായുള്ള അന്നത്തെ മണർകാട് എസ്.എച്ച്.ഒയുടെ ബന്ധം പുറത്തായിരുന്നു.
ചീട്ടുകളി നടന്നിരുന്ന ക്ലബ് അധികൃതരുമായി സി.ഐ നടത്തിയ ഫോൺ സംഭാഷണം പുറത്താകുകയായിരുന്നു. ഇത് വലിയ ചർച്ചയായതോടെ അന്നത്തെ ഇൻസ്‌പെക്ടർ ആർ. രതീഷ്‌കുമാറിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. മണർകാട് സ്റ്റേഷനിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ചീട്ടുകളി സംഘത്തിൽനിന്ന് മാസപ്പടി ലഭിച്ചിരുന്നതായും കണ്ടെത്തി. ഇതോടെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ചീട്ടുകളി സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം രണ്ടു തവണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മണർകാട് പൊലീസ് അത് തള്ളിക്കളഞ്ഞതായും കണ്ടെത്തിയിരുന്നു. പല ചീട്ടുകളി കളത്തിന് സംരക്ഷണം ഒരുക്കിയിരുന്നത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരാണെന്നും പരാതികൾ ഉയർന്നിരുന്നു.
അടുത്തിടെ സിൽവൻ ലൈൻ സമരക്കാർക്കെതിരെ മാടപ്പള്ളിയിൽ നടന്ന പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വിവാദത്തിലായിരുന്നു. സ്ത്രീകൾക്ക് അടക്കം മർദനമേറ്റതോടെ വിഷയത്തിൽ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. ഇത് സർക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.
'പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം'
ചങ്ങനാശ്ശേരി: ഗുണ്ട മാഫിയ ബന്ധം തെളിയിക്കപ്പെട്ട ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാർ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ പറഞ്ഞു.
ചങ്ങനാശ്ശേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പെരുന്നയിൽനിന്ന് ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

