കരിപ്പൂരില്‍ 10 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
text_fieldsകരിപ്പൂരില്‍ 10 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികള്‍ക്കൊപ്പം എക്‌സൈസ് ഉദ്യോഗസ്ഥ സംഘം
കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തി പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി ഒരു ഇതര സംസ്ഥാനക്കാരനുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്ത വില്‍പനക്കാരനുമായ സിദ്ധാന്ത് സാബര്‍ (28), പള്ളിക്കല്‍ ഉണ്യാല്‍ പറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കല്‍ ബസാര്‍ കരുവീട്ടില്‍ മുസ്തഫ (47) എന്നിവരാണ് പിടിയിലായത്. ഒഡിഷയില്‍നിന്ന് കഞ്ചാവെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒഡിഷയില്‍നിന്ന് രഹസ്യമായെത്തിച്ച 10 കിലോഗ്രാം കഞ്ചാവ് സിദ്ധാന്ത് സാബര്‍ സലീമിനും മുസ്തഫക്കും കൈമാറുന്നതിനിടെ കരിപ്പൂര്‍ ന്യൂമാന്‍ ജങ്ഷനില്‍ വെച്ചാണ് പ്രതികളെ വലയിലാക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖും സംഘവും ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
പിടിയിലായ സലീം ആന്ധ്രപ്രദേശിലെ പാലാസ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 100 കിലോഗ്രാം കഞ്ചാവുമായി 2024ല്‍ മേയിൽ പിടിക്കപ്പെട്ടിരുന്നു. 2004 നവംബറില്‍ തന്നെ 40 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് തമിഴ്‌നാട് ചെന്നൈയിലെ ഗുമിനി പൂണ്ടി പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ആന്ധ്രപ്രദേശിലെ കേസില്‍ സലീമിന്റെ കൂട്ട് പ്രതിയാണ് മുസ്തഫ.
എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കരനാരായണന്‍, പ്രിവന്റിവ് ഓഫിസര്‍മാരായ കെ.എസ്. അരുണ്‍കുമാര്‍, കെ.സി. അച്യുതന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇ. അഖില്‍ദാസ്, വി. സച്ചിന്‍ ദാസ്, നിതിന്‍ ചോമരി, പി. അജിത്ത്, കെ.എം. പ്രശാന്ത്, എസ്. നിപുണ്‍, മുഹമ്മദ് ഷരീഫ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.പി. ധന്യ, എക്‌സൈസ് ഡ്രൈവര്‍ മധു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

