അഴുക്കു തുണിയിൽ പൊതിഞ്ഞ് നവജാത ശിശുവിനെ ഉപേക്ഷിക്കാൻ ശ്രമം; 28 കാരൻ അറസ്റ്റിൽ
text_fieldsമുംബൈ: നവജാത ശിശുവിനെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ അറസ്റ്റ് ചെയ്ത് പാർക്ക്‌സൈറ്റ് പൊലീസ്. ഗാന്ധിനഗർ ജങ്ഷനിലെ ഭാരത് പെട്രോൾ പമ്പിന് സമീപമാണ് സംഭവം. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ കോൺസ്റ്റബിൾ ചോദ്യം ചെയ്യുകയായിരുന്നു.
അഴുക്കു തുണിയിൽ പൊതിഞ്ഞ എന്തോ ഒന്ന് യുവാവിന്റെ കയ്യിൽ കണ്ടാണ് റിക്ഷ നിർത്തി പരിശോധന നടത്തിയത്. തുണി പരിശോധിച്ചപ്പോൾ നവജാത ശിശുവിനെ അതിനുള്ളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. സ്ത്രീകൾ കൂടെ ഇല്ലാത്തതിനാൽ സംശയം തോന്നിയ ഉദ്യോഗസ്ഥൻ ഉടൻ തന്നെ നിർഭയ സ്ക്വാഡിലെ വനിതാ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി. ഉദ്യോഗസ്ഥ എത്തിയതോടെ പരിഭ്രാന്തനായ പ്രതി കുഞ്ഞ് സ്വന്തം മകളാണെന്നും തൻ്റെ അമ്മയുടെ സഹോദരിയുമായുള്ള അവിഹിത ബന്ധത്തിൽ ജനിച്ചതാണെന്നും വെളിപ്പെടുത്തി.
അടുത്തിടെ വിവാഹിതനായ പ്രതി ഭാണ്ഡൂപ്പിൽ തന്നോടൊപ്പം താമസിച്ചിരുന്ന മാതൃസഹോദരിയുമായി നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. ബന്ധം പുറത്തുവരുന്നതിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഭയന്നാണ് ജന്മം നൽകിയ ഉടൻ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പവയിലെ സുഹൃത്തിൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി കുഞ്ഞിനെ കൊണ്ടുപോയത്. എന്നാൽ കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പദ്ധതി.
കുട്ടിയെ അമ്മയുടെ അടുത്ത് സുരക്ഷിതമായി എത്തിച്ചെന്നും കൃത്യമായ പരിചരണത്തിനും നിരീക്ഷണത്തിനുമായി ഇരുവരെയും രാജവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ജനനം തടയുന്നതിനോ മരണത്തിന് കാരണമാകുന്നതോ ആയ പ്രവൃത്തികൾ തടയുന്ന ഭാരതീയ ന്യായ സംഹിത സെക്ഷൻ 91 പ്രകാരം പ്രതിയെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

