കരിപ്പൂരിൽ 2.8 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.8 കിലോഗ്രാം സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് രണ്ട് യാത്രക്കാരിൽനിന്ന് വിമാനത്താവളത്തിലെ ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്വർണം പിടിച്ചത്. ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം ചാപ്പനങ്ങാടി സ്വദേശി സുൽഫിക്കറലി (34), മലപ്പുറം സ്വദേശി മാലിക് ഉബൈസ് മങ്കരത്തൊടി (33) എന്നിവരാണിവർ. സുൽഫിക്കറിൽനിന്ന് 853 ഗ്രാമും മാലിക്കിൽനിന്ന് 880 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇരുവരും ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ടോയ്ലറ്റിൽനിന്ന് 1082 ഗ്രാമാണ് പിടികൂടിയത്.
ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്താനായിരുന്നു ശ്രമമെന്നാണ് നിഗമനം. ഡെപ്യൂട്ടി കമീഷണർ അനന്ത് കുമാർ, സൂപ്രണ്ടുമാരായ സി.പി. സബീഷ്, സന്തോഷ് ജോൺ, ദുഷ്യന്ത് കുമാർ, ഇൻസ്പെക്ടർമാരായ വി.കെ. ശിവകുമാർ, കെ.പി. ധന്യ, ചേതൻ ഗുപ്ത, വീരേന്ദ്ര പ്രതാപ് ചൗധരി, അശു സോറൻ, ഹെഡ് ഹവിൽദാർ എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി.