പണം തട്ടാൻ ‘വ്യാജ യാചന’; 22 അംഗ സംഘം അറസ്റ്റിൽ
text_fieldsദുബൈ പൊലീസ് അറസ്റ്റ് ചെയ്ത യാചക സംഘം
ദുബൈ: യാത്രാച്ചെലവിന് പണമില്ലെന്ന് പറഞ്ഞ് ആളുകളിൽനിന്ന് പണം തട്ടിയിരുന്ന 22 അംഗ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനം വഴി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സംഘം പിടിയിലായത്. പ്രധാന റോഡുകളിൽ തമ്പടിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
വഴിയരികിൽ ഒറ്റപ്പെട്ടുപോയെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞ് വാഹനയാത്രക്കാരുടെ സഹതാപം മുതലെടുക്കുകയായിരുന്നു ഇവരുടെ രീതി. പരാതി ലഭിച്ചയുടൻ ഫീൽഡ് ടീം അന്വേഷണം ആരംഭിക്കുകയും സംശയാസ്പദമായ രീതിയിൽ കണ്ട ഒരാളെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പല സ്ഥലങ്ങളിലായി ആസൂത്രിതമായി നടക്കുന്ന തട്ടിപ്പാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. അൽ ഖോർ സ്ട്രീറ്റ്, റാസ് അൽ ഖോർ, ബു കദ്റ ബ്രിഡ്ജ് ഏരിയ, ദുബൈ-അൽ ഐൻ റോഡ് പാലം തുടങ്ങിയ പ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
ഇവരെക്കുറിച്ചുള്ള മുഴവൻ വിവരവും ശേഖരിച്ചതിനൊപ്പം, നിരീക്ഷണവും പൂർത്തിയാക്കിയ ശേഷം സുരക്ഷാസേന ആസൂത്രിതമായി നടത്തിയ പരിശോധനയിലാണ് സംഘത്തിലെ മുഴുവൻ അംഗങ്ങളും പിടിയിലായത്. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കുന്നതിലും അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിലും പൊതുജനങ്ങളുടെ പങ്കാളിത്തം നിർണായകമാണെന്ന് ദുബൈ പൊലീസ് പറഞ്ഞു. തിരക്കുള്ള പ്രധാന റോഡുകളിൽ വാഹനങ്ങൾ നിർത്തുന്നത് സുരക്ഷക്ക് ഭീഷണിയാണെന്നും ഇത്തരം വ്യാജ യാചനകളോട് പ്രതികരിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനം വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ഉടനടിയുള്ള വിവരമറിയിക്കുന്നത് പൊതുസുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

