ഗാന്ധിനഗർ: വൽസാദിലെ റോൺവെൽ ഗ്രാമത്തിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് 21കാരൻ ആത്മഹത്യ ചെയ്തു. പായൽ പട്ടേൽ (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് പായലിന്റെ മാതാപിതാക്കൾ ശവസംസ്കാര ചടങ്ങിനായി പട്ടണത്തിലേക്ക് പോയപ്പോൾ സ്മിത്ത് അവരുടെ വസതിയിൽ എത്തുകയായിരുന്നെന്നും തുടർന്നുണ്ടായ വഴക്കിൽ സ്മിത്ത് പായലിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പായലിന്റെ ബന്ധു ഹിനാബെൻ പട്ടേൽ അവിടെയെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന പായലിനെ കാണുകയും മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം വൽസാദ് സിവിൽ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു. പരിശോധനയിൽ പായൽ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുകയായിരുന്നെന്ന് തെളിയുകയായിരുന്നു.
പായലിനെ തേടി സ്മിത്ത് എത്തിയിരുന്നെന്ന് ഹിനാബെൻ പായലിന്‍റെ മാതാപിതാക്കളെ അറിയിച്ചതിനെത്തുടർന്ന് അവർ സ്മിത്തിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് വൽസാദ് റൂറൽ പൊലീസ് നാനി സരോൾ ഗ്രാമത്തിലുള്ള സ്മിത്തിന്റെ വീട്ടിലെത്തിയപ്പോളാണ് യുവാവിനെ കാണാനില്ലെന്ന വിവരമറിയുന്നത്. തിങ്കളാഴ്ച രാവിലെ ഗ്രാമത്തിലെ കുളത്തിന്റെ കരയിൽ സ്മിത്തിന്റെ ബൈക്കും ഫോണും ഒരു വഴിയാത്രക്കാരൻ ശ്രദ്ധിക്കുകയും അയാളുടെ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി അന്വേഷണം നടത്തിയപ്പോൾ സ്മിത്തിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.