പാത്രം കഴുകാൻ ആവശ്യപ്പെട്ടതിന് കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തി; 21കാരൻ അറസ്റ്റിൽ
text_fieldsrepresentative image
പൂനെ: പാത്രം കഴുകാൻ ആവശ്യപ്പെട്ടതിന് ഒരുമിച്ച് താമസിക്കുന്നയാളെ കൊലപ്പെടുത്തിയ 21കാരൻ അറസ്റ്റിൽ. പൂനെയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒഡീഷയിലെ ദേൻകനാൽ സ്വദേശിയായ അമർ ബസന്ത് മഹോപാത്രയാണ് (28) മരിച്ചത്. ഒഡീഷയിലെ കട്ടക്ക് ജില്ലക്കാരനായ അനിൽകുമാർ ശരത്കുമാർ ദാസ് ആണ് അറസ്റ്റിലായത്.
ഇരുവരെയും കൂടാതെ മുറിയിൽ താമസിക്കുന്ന മൂന്നാമത്തെയാളാണ് സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തത്. പൂനെയിൽ ബാർബർമാരായ ജോലി ചെയ്യുകയാണ് മൂന്നുപേരും.
ബാനർ പ്രദേശത്തെ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് ഇവർ വാടകക്ക് താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.40നാണ് രാവിലെ മുതൽ കഴുകാതെ കിടക്കുന്ന പാത്രം വൃത്തിയാക്കാനായി മഹോപാത്ര ദാസിനോട് ആവശ്യപ്പെട്ടത്. ഇത് കേട്ട് ദേഷ്യപ്പെട്ട ദാസ് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.