മദ്യാസക്തി: 20കാരൻ പിതാവിനെ തല ഭിത്തിയിലടിച്ച് കൊലപ്പെടുത്തി
text_fieldsചെന്നൈ: 20കാരൻ പിതാവിന്‍റെ തല ഭിത്തിയിലടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് തിരുവള്ളൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തിരുവള്ളൂർ സ്വദേശി വേണുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മണികണ്ഠനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ മരണപ്പെട്ട ശേഷം അഞ്ചു വർഷമായി വേണു മകനോടൊപ്പമായിരുന്നു താമസം. പ്രതിക്ക് മദ്യപാന ശീലമുണ്ടായിരുന്നതായും മദ്യപിക്കാൻ പണം നൽകണമെന്നാവശ്യപ്പെട്ട് പിതാവിനെ നിരന്തരം ഉപദ്രവിക്കാറുള്ളതായും പൊലീസ് കണ്ടെത്തി.
സംഭവ ദിവസം മണികണ്ഠനും വേണുവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രതി വേണുവിന്‍റെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. വേണു ബോധംകെട്ടു വീഴുകയും തലയിൽ നിന്ന് രക്തം വരികയും ചെയ്തു. ഇത് ശ്രദ്ധിക്കാതെ യുവാവ് ഉറങ്ങി. പിറ്റേ ദിവസം രാവിലെയാണ് പിതാവ് മരണപ്പെട്ട വിവരം മണികണ്ഠൻ അറിയുന്നത്. മരണ വിവരം പുറത്തറിഞ്ഞതോടെ അയൽവാസികൾ ചേർന്ന് പൊലീസിൽ വിവരമറിയിച്ചു.
കഴിഞ്ഞദിവസം തമിഴ്നാട് ചെങ്കൽപേട്ടിൽ മരുമകനെ മധ്യവയസ്കൻ കൊലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന പുതിയ സംഭവം. മരുമകന്‍റെ ക്രിമിനൽ പശ്ചാത്തലത്തിലുള്ള അതൃപ്തിയാണ് കൊലപാതകത്തിന് കാരണമായത്. സംഭവത്തിൽ പ്രതിയായ ഭാര്യാപിതാവ് എസ്. രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഖ്ബൂൽ ധവൽസാഹിബ് മുല്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയശേഷം യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കത്തിച്ചു. മഖ്ബൂലിന്‍റെ സുഹൃത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രാജേന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

