നിർത്തിയിട്ട ബൈക്കിൽനിന്ന് 20 ലക്ഷത്തിന്റെ ആഭരണം മോഷ്ടിച്ച കേസ്: മുഖ്യപ്രതി പിടിയിൽ
text_fieldsജയപ്രകാശ്
പാണ്ടിക്കാട്: ടൗണിന് സമീപം നിർത്തിയിട്ട ബൈക്കിൽനിന്ന് 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ പാണ്ടിക്കാട് പൊലീസ് പിടികൂടി. പോരൂർ വീതനശ്ശേരി പടിഞ്ഞാറയിൽ ജയപ്രകാശിനെയാണ് (43) സ്റ്റേഷൻ ഹൗസ് ഓഫിസർ പി. റഫീഖ്, എസ്.ഐ ഇ.എ. അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈമാസം 15നാണ് സംഭവം. പാണ്ടിക്കാട്ടെ സ്വർണാഭരണ ശുദ്ധീകരണ കേന്ദ്രത്തിലെ തൊഴിലാളിയായ കിഷോർ രാത്രി ഒമ്പതിന് ഒറവംപുറത്തെ താമസസ്ഥലത്തേക്ക് പോകുംവഴി കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ തക്കത്തിന് ബൈക്കിൽ തൂക്കിയിരുന്ന സ്വർണമടങ്ങിയ കവർ മോഷ്ടിെച്ചന്നാണ് കേസ്.
സി.സി.ടി.വി ദൃശ്യങ്ങളും സ്വർണപ്പണിശാലകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജയപ്രകാശിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. സംഭവം നടന്ന ശേഷം ജയപ്രകാശ് തെൻറ കട തുറന്നിരുന്നില്ല എന്ന കണ്ടെത്തലാണ് വഴിത്തിരിവായത്. മോഷ്ടിച്ച സ്വർണവും ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് സഹായം നൽകിയ എടവണ്ണ സ്വദേശി പ്രജിത്ത്, പന്നിപ്പാറ സ്വദേശി ശിഹാസ് എന്നിവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.പി.ഒമാരായ പ്രശാന്ത്, ദിനേശ്, കൃഷ്ണകുമാർ, മനോജ്, ഷമീർ, മിർഷാദ് കൊല്ലേരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.