ആദിവാസി യുവാക്കളെ കാണാതായിട്ട് 20 ദിവസം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന്
text_fieldsപ്രതികാത്കമ ചിത്രം
ചെമ്മണാമ്പതി: ചപ്പക്കാട്ടിൽ കാണാതായ ആദിവാസി യുവാക്കൾക്കായി 20 ദിവസമായി തിരച്ചിൽ. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന ആവശ്യം ശക്തം. ചപ്പക്കാട് ആദിവാസി കോളനി സ്വദേശികളായ സാമുവൽ (സ്റ്റീഫൻ -28), മുരുകേശൻ (28) എന്നിവർ ആഗസ്റ്റ് 30ന് രാത്രി വീട്ടിൽനിന്ന് ഇറങ്ങിയതിനുശേഷം ആരും കണ്ടിട്ടില്ല. സ്വകാര്യ തോട്ടങ്ങളിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി യുവാക്കൾക്ക് ജീവഹാനി സംഭവിച്ചതാവാമെന്നാണ് ഉൗരുമൂപ്പൻ ചിന്നച്ചാമി ഉൾപ്പെടെയുള്ളവരുടെ സംശയം. കോളനിവാസികൾ സംശയിക്കുന്ന തോട്ടങ്ങളിൽ സമഗ്രമായ പരിശോധന നടത്താൻ പൊലീസ് തയാറാവുന്നില്ലെന്ന് കോളനിവാസികൾ ആരോപിക്കുന്നു.
അനധികൃത വൈദ്യുതി വേലികളിൽ തട്ടി കോളനിവാസി ഉൾപ്പെടെ മുന്നിലധികം പേർ മുതലമടയിൽ പത്ത് വർഷങ്ങൾക്കുമുമ്പ് മരിച്ചതാണ് കോളനിവാസികളെ ഭീതിയിലാക്കുന്നത്. 20 ദിവസം കഴിഞ്ഞിട്ടും ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാൻ പോലും പ്രധാന രാഷ്ട്രീയ പാർട്ടികൾ രംഗത്തുവരാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് ചപ്പക്കാട് കോളനിവാസികൾ പറയുന്നു. ആദിവാസികളായതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന് കോളനിമുപ്പൻ ചിന്നച്ചാമി ആരോപിച്ചു.
അന്വേഷണ പുരോഗതി വിലയിരുത്താൻ ജില്ല പൊലീസ് മേധാവി കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പാലക്കാട്ടുനിന്നെത്തിയ ഡോഗ് സ്ക്വാഡ് സ്വകാര്യ തോട്ടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒരുതുമ്പും ലഭിച്ചില്ല. സമീപത്തെ തോട്ടങ്ങളിലെ 26ലധികം കിണറുകളിൽ അഗ്നിശമന സേനയുടെ സ്കൂബ സംഘം തിരച്ചിൽ നടത്തിയിരുന്നു.
ഡോഗ് സ്ക്വാഡ്, വനം വകുപ്പ്, തമിഴ്നാട് പൊലീസ് എന്നിവ സംയുക്തമായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറ് എസ്.വി. ശെൽവൻ പറഞ്ഞു. ദുരൂഹതയുള്ളതിനാൽ ചപ്പക്കാട്, മൂച്ചങ്കുണ്ട് പ്രദേശത്തുള്ളവർ രാത്രി പുറത്തിറങ്ങാൻ മടിക്കുന്നതായും പറയുന്നു. ഞായറാഴ്ചയും തോട്ടങ്ങളിൽ തിരച്ചിൽ നടത്തിയതായി സി.ഐ വിപിൻദാസ് പറഞ്ഞു. തിങ്കളാഴ്ച തിരച്ചിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.