19 വർഷം മണലാരണ്യത്തിൽ അധ്വാനിച്ചതാണ്, എല്ലാം കൊണ്ടുപോയി സാറേ...
text_fieldsവട്ടപ്പറമ്പ് പെരുമ്പിടി വീട്ടില് മുഹമ്മദ് മുസ്തഫയുടെ വീട്ടിലെ ഗോൾഡ് കവറിങ് വള, വാച്ചുകൾ എന്നിവ ഉപേക്ഷിച്ചനിലയിൽ
ചെറുതുരുത്തി: 19 വർഷം മണലാരണ്യത്തിൽ അധ്വാനിച്ച പൈസ ഒറ്റരാത്രികൊണ്ട് എല്ലാം കൊണ്ടുപോയി സാറേ എന്ന ഉമൈബയുടെ കരച്ചിൽ കണ്ടുനിന്ന എല്ലാവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. ചെറുതുരുത്തി വട്ടപ്പറമ്പ് പെരുമ്പിടി വീട്ടില് മുഹമ്മദ് മുസ്തഫയുടെ പൂട്ടിക്കിടന്ന വീട്ടിൽനിന്നാണ് 40 പവൻ മോഷ്ടാക്കൾ കവർന്നത്.
കേസ് അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥരോടാണ് മുസ്തഫയുടെ ഭാര്യ ഉമൈബ കരഞ്ഞുകൊണ്ട് തന്റെ സങ്കടം പറഞ്ഞത്. 19 വർഷമായി സൗദിയിൽ ജോലിചെയ്യുന്ന മുസ്തഫ കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ല. സ്വന്തമായി ഒരു വീടുതന്നെ ഉള്ളൂ. അടുത്താണ് നാട്ടിലെത്തിയത്. മൂന്ന് പെൺമക്കൾ വിവാഹപ്രായം എത്തിനിൽക്കുന്നു. ഇവരെ കല്യാണം കഴിപ്പിക്കാൻ വേണ്ടിയാണ് 25 പവൻ സ്വരൂപിച്ചു വീട്ടിൽ വെച്ചത്.
15 പവൻ ഉമൈബയുടെ ഉമ്മയുടേതാണ്. അവിടെ വീട്ടിൽ വെക്കാൻ പേടിയായതുകൊണ്ടാണ് മകളുടെ സമീപം സൂക്ഷിക്കാൻ ഏൽപിച്ചത്. അലമാരയുടെ ഉള്ളിലെ ഗോൾഡ് കവറിങ് വളകൾ, ഗോൾഡ് കളർ വാച്ചുകൾ എന്നിവ വലിച്ചുവാരിയിട്ട നിലയിൽ കണ്ടെത്തി. സ്വർണത്തെപ്പറ്റി കൃത്യമായി ധാരണയുള്ള മോഷ്ടാക്കളാകാം എന്നാണ് ഇതിൽനിന്ന് കരുതുന്നത്. വിലകൂടിയ മൊബൈൽ ഫോണും പിടിക്കപ്പെടും എന്നുകരുതി കൊണ്ടുപോയിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

