ഫുട്ബാൾ മത്സരത്തെചൊല്ലി സംഘർഷം: തടയാനെത്തിയ 18കാരനെ കുത്തിക്കൊന്നു
text_fieldsതിരുവനന്തപുരം: ഫുട്ബാൾ മത്സരത്തിനെ തുടർന്നുണ്ടായ സംഘര്‍ഷം തടയാനെത്തിയ യുവാവിനെ കുത്തിക്കൊന്നു. തമ്പാനൂർ അരിസ്റ്റോ ജങ്ഷന്‍ തോപ്പില്‍ ഡി 47ല്‍ അലനാണ് (18) മരിച്ചത്. ഇടത് നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റ അലനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടൻ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ജഗതി സ്വദേശികളായ രണ്ടുപേരെ കന്‍റോൺമെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച വൈകീട്ട് 5.10നാണ് സംഭവം. മോഡൽ സ്കൂളിലെ ബി.എഡ് കോളജ് ഗ്രൗണ്ടിൽ ഒരുമാസം മുമ്പ് സംഘടിപ്പിച്ച ടൂർണമെന്‍റിൽ രാജാജി നഗർ, ജഗതി ക്ലബിലുള്ളവർ തമ്മിൽ തർക്കമുണ്ടായി. ഇതേതുടർന്ന് നഗരത്തിന്‍റെ പലയിടങ്ങളിലും ചെറുതും വലതുമായ ഏറ്റുമുട്ടലുകളും നടന്നു. സംഘർഷം ഒത്തുതീർപ്പാക്കുന്നതിന്‍റെ ഭാഗമായി മുതിർന്നവരുടെ നേതൃത്വത്തിൽ തൈയ്ക്കാട് ക്ഷേത്രത്തിന് സമീപത്തായി ഇരുകൂട്ടരും ഒത്തുകൂടി.
ഇതിൽ രാജാജിനഗറിലെ ഫുട്ബാൾ ക്ലബിലെ സുഹൃത്തുക്കളോടൊപ്പം അലനുമുണ്ടായിരുന്നു. ഇതിനിടയിൽ വീണ്ടും സംഘർഷവുണ്ടാവുകയും തടയാൻ ശ്രമിക്കുന്നതിനിടെ അലന് കുത്തേൽക്കുകയുമായിരുന്നു. ഹൃദയത്തിനേറ്റ മുറിവ് കാരണമുള്ള അന്തരിക രക്തസ്രാവമാണ് മരണകാരണം. പേരൂര്‍ക്കട മണികണ്‌ഠേശ്വം സ്വദേശിയായ അലന്‍റെ കുടുംബം ആറുമാസത്തിന് മുമ്പാണ് അരിസ്റ്റോ ജങ്ഷനില്‍ വാടകക്ക് താമസിക്കാനെത്തിയത്. ഒരുവർഷം മുമ്പ് സഹോദരി ആന്‍ഡ്രിയ മരണപ്പെട്ടിരുന്നു. കൊച്ചിയിൽ തൊഴിലധിഷ്ഠിത കോഴ്സിന് പഠിക്കുകയായിരുന്ന അലൻ മൂന്നുമാസം മുമ്പാണ് തിരുവനന്തപുരത്തെത്തിയത്. അമ്മ മഞ്ജുള വീട്ടുജോലിക്കാരിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

