കറുകച്ചാൽ മേഖലയിൽ മോഷണപരമ്പര: 19കാരൻ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ അജയ്
കറുകച്ചാൽ: കറുകച്ചാൽ മേഖലയിൽ തുടർച്ചയായി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി പിലാശ്ശേരി കൈയെത്തിയാലുങ്കൽ അജയ്യാണ്(19) കറുകച്ചാൽ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മൂന്നാഴ്ചയോളമായി പ്രദേശത്ത് നിരവധി മോഷണമാണ് ഇയാൾ നടത്തിയത്. കഴിഞ്ഞ ദിവസം നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ മേൽക്കൂര തകർത്ത് 128 രൂപയും പത്തനാട് സ്റ്റേഷനറിക്കട കുത്തിപ്പൊളിച്ച് 4000 രൂപയും നെടുംകുന്നത്തെ മില്ലിൽനിന്ന് 1000 രൂപയും മല്ലപ്പള്ളി റോഡിലെ ഷാപ്പിൽനിന്ന് 5000 രൂപയും മോഷ്ടിച്ചിരുന്നു. കാനത്ത് സ്റ്റേഷനറിക്കടയിൽ മോഷണം നടത്തിയതും ഇയാളാണെന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ബാലുശ്ശേരി, കുന്നമംഗലം എന്നിവിടങ്ങളിൽ ബൈക്ക് മോഷണം, അടയ്ക്ക മോഷണം എന്നിവ നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. 14ാംവയസ്സിൽ മോഷണക്കുറ്റത്തിന് അജയ് ജുവനൈൽ ഹോമിലായിരുന്നു.
അഞ്ചുമാസം മുമ്പ് കോട്ടയത്തെത്തിയ ഇയാൾ വിവിധ സ്ഥലങ്ങളിൽ ചുറ്റിത്തിരിഞ്ഞ് കറുകച്ചാലിൽ എത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് കറുകച്ചാലിലെ ഒരു ഹോട്ടലിൽ ഇയാൾ ജോലിക്ക് കയറിയിരുന്നു. ജോലി കഴിഞ്ഞശേഷം രാത്രിയിലാണ് മോഷണത്തിനായി ഇറങ്ങിയിരുന്നത്.
മാണികുളത്ത് മോഷണം നടന്ന മില്ല്, കഴിഞ്ഞ ദിവസം മോഷണം നടന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ കടകൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽനിന്ന് പിടികൂടി. ഇയാളുടെ പേരിൽ മറ്റ് സ്ഥലങ്ങളിൽ കേസുകളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.