
16കാരിയെ രണ്ടുവർഷത്തോളം പിതാവും സഹോദരനും ബലാത്സംഗം ചെയ്തു; ഇരുവരും അറസ്റ്റിൽ
text_fieldsമുംബൈ: രണ്ടു വർഷത്തോളം പതിനാറുകാരിയെ ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റിൽ. 10ാം ക്ലാസ് വിദ്യാർഥിനിക്ക് നേരെയായിരുന്നു ആക്രമണം.
സ്കൂൾ പ്രിൻസിപ്പലിനോടും അധ്യാപികയോടും പെൺകുട്ടി ബലാത്സംഗ വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ എൻ.ജി.ഒയെയും പൊലീസിനെയും വിവരം അറിയിച്ചു. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി.
2019 ജനുവരിയിൽ 43കാരനായ പിതാവാണ് കുട്ടിയെ ആദ്യം ബലാത്സംഗത്തിന് വിധേയമാക്കിയത്. പെൺകുട്ടി ഒറ്റക്ക് കിടന്നുറങ്ങിയ സമയത്തായിരുന്നു ഇത്. പിന്നീട് അതേമാസം തന്നെ 20 കാരനായ സഹോദരനും പെൺകുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കി. പിന്നീട് ഇരുവരും പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്തു. തന്റെ അനിയത്തിയെ ഉപദ്രവിക്കുമോയെന്ന ഭയം മൂലമാണ് ഇത്രയും കാലം ബലാത്സംഗവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരവും ക്രിമിനൽ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തു. പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായും ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.