
മൊബൈൽ ഫോണിനെചൊല്ലി തർക്കം; ഉറങ്ങികിടന്ന സഹോദരനെ കൊന്ന് വെട്ടിനുറുക്കി വീട്ടിനുള്ളിൽ കുഴിച്ചിട്ടു, 16കാരൻ അറസ്റ്റിൽ
text_fieldsആഗ്ര: ഉത്തർപ്രദേശിലെ സഹാരൻപൂരിൽ 20കാരനായ സഹോദരനെ വെട്ടികൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി വീട്ടിനുള്ളിൽ കുഴിച്ചിട്ട 16കാരൻ കസ്റ്റഡിയിൽ. ഫത്തേപൂർ ധോല സ്വദേശിയായ ഫർമാനാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കമാണ് കൊലക്ക് കാരണം.
ജൂലൈ 19നായിരുന്നു കൊലപാതകം. കഴിഞ്ഞദിവസം വീട്ടിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾ പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
16കാരൻ പുതുതായി വാങ്ങിയ മൊബൈൽ ഫോണിന്‍റെ പാസ്വേർഡ് ലോക്ക് ചെയ്തതിന് ശേഷം അൺലോക്ക് ചെയ്യുന്നത് എങ്ങനെയാെണന്ന് ഫർമാൻ മറന്നു. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കുമുണ്ടാകുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. ഫർമാൻ 16കാരനെ അടിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ കൗമാരക്കാരൻ ഫർമാൻ ഉറങ്ങുന്നതുവരെ പ്രതികാരം ചെയ്യാൻ കാത്തിരുന്നു.
ഫർഹാൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം മൺവെട്ടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഫർമാന്‍റെ മൃതദേഹം നിരവധി കഷ്ണങ്ങളാക്കി നുറുക്കുകയും വീട്ടിനുള്ളിൽ കുഴിച്ചിടുകയും ചെയ്തു.
ഫർമാനെക്കുറിച്ച് പ്രേദശവാസികൾ അന്വേഷിച്ചപ്പോൾ വ്യത്യസ്തങ്ങളായ മറുപടിയായിരുന്നു 16കാരൻ നൽകിയത്. തുടർന്ന് വീട്ടിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അക്രമ സംഭവം കൗമാരക്കാരൻ വെളിപ്പെടുത്തി. ഫർമാന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
ഇരുവരുടെയും മാതാപിതാക്കൾ നേരേത്ത മരിച്ചിരുന്നു. മുതിർന്ന രണ്ടു സഹോദരിമാരുടെ വിവാഹവും കഴിഞ്ഞു. രണ്ടുവർഷമായി ഫർമാനും 16കാരനും മാത്രമാണ് വീട്ടിൽ താമസം. കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ജുവൈനൽ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.